ന്യൂഡൽഹി: ഐസിഐസിഐ ബാങ്ക് വീഡിയോകോൺ കമ്പനിക്ക് വായ്പ നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. ഐസിഐസിഐ ബാങ്കും വീഡിയോകോണും തമ്മിലുളള സാമ്പത്തിക ഇടപാടുകളാണ് പ്രാഥമിക അഅന്വേഷണ പരിധിയിലുളളത്. അതേസമയം ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാറിനെ പ്രാഥമികാന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
വീഡിയോകോണിന് 3250 കോടിയുടെ വായ്പയാണ് ഐസിഐസിഐ ബാങ്ക് അനുവദിച്ചത്. ഈ ഇടപാടിൽ നിയമവിരുദ്ധമായി ഏതെങ്കിലും ഇടപെടൽ നടന്നിട്ടുണ്ടോയെന്നാണ് സിബിഐ പ്രാഥമികമായി പരിഗണിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷമേ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടക്കൂ.
ഐസിഐസിഐ ബാങ്കും വീഡിയോ കോണും തമ്മിലുളള സാമ്പത്തിക ഇടപാടുകളെ കുറിച്ചുളള റിപ്പോർട്ട് ഇന്ത്യന്‍ എക്സ്പ്രസാണ് അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്നത്. ഐസിഐസിഐ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറും ഇവരുടെ ബന്ധുക്കളും വീഡിയോകോണ്‍ ഗ്രൂപ്പ് തലവന്‍ വേണുഗോപാല്‍ ധൂതുമായി ചേര്‍ന്ന് 2008-ല്‍ ഒരു കമ്പനി രൂപീകരിച്ചിരുന്നു.
പുതുതായി രൂപീകരിച്ച കമ്പനിയുടെ ഉടമസ്ഥത വീഡിയോകോൺ കമ്പനി ദീപക് കൊച്ചാര്‍ അധ്യക്ഷനായ ട്രസ്റ്റിന് കൈമാറിയിരുന്നു. കേവലം ഒമ്പത് ലക്ഷം രൂപയ്ക്കാണ് ഈ ഇടപാട് നടന്നത്. ഇതിന് മുൻപ് തന്നെ ധൂത് 64 കോടി രൂപ ഈ കമ്പനിക്ക് വായ്പയായി നൽകിയിരുന്നു.
വോണുഗോപാൽ ധൂത്, ദീപക് കൊച്ചാറിന്റെ ട്രസ്റ്റിന് പുതിയ കമ്പനി കൈമാറുന്നതിന് ആറ് മാസം മുൻപാണ് വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപ ഐസിഐസിഐ ബാങ്ക് വായ്പ നൽകിയത്. 2017 ൽ വീഡിയോകോണിന്റെ വായ്പ അക്കൗണ്ട് കിട്ടാക്കടമായി ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ചു. ഈ സമയത്ത് വായ്പ തുകയുടെ 86 ശതമാനം (2810 കോടി) ഐസിഐസിഐ ബാങ്കിന് കിട്ടാനുണ്ടായിരുന്നു. ധൂത്-കൊച്ചാര്‍-ഐസിഐസിഐ ബാങ്കുകള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു വരികയായിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.