ന്യൂഡൽഹി: എൻഡിടിവി മേധാവി പ്രണോയ് റോയ്ക്കും ഭാര്യ രാധിക റോയ്ക്കുമെതിരെ സിബിഐ കേസ് റജിസ്റ്റർ ചെയ്തു. ഐസിഐസിഐ ബാങ്കിൽനിന്നെടുത്ത വായ്പ തുകയായ 48 കോടി രൂപ തിരിച്ചടയ്ക്കാത്തതിനും വിദേശ വിനിമയ ചട്ടലംഘനത്തിനുമാണ് കേസ്. പ്രണോയ് റോയിയുടെ ഡൽഹിയിലെയും ഡെറാഡൂണിലെയും വീടുകൾ ഉൾപ്പെടെ നാലു ഇടങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. എന്‍ഡിടിവി സഹസ്ഥാപകനും എക്‌സിക്യുട്ടീവ് ചെയര്‍പേഴ്‌സനുമാണ് പ്രണോയ് റോയ്.

എക്‌സ്‌പ്രസ് ഫൊട്ടോ/ താഷി തോഭഗയാൽ
പഴയ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും തങ്ങളെ വേട്ടയാടുന്നതിന്റെ തെളിവാണ് പുലർച്ചെ ആരംഭിച്ച സിബിഐ റെയ്‌ഡ് എന്ന് എൻഡിടിവി പ്രസ്താവനയിൽ കുറ്റപ്പെടുത്തി. എതിരഭിപ്രായം പ്രകടപ്പിക്കുന്നതിന്റെ പേരിൽ വിവിധ ഏജൻസികൾ വഴി നിരന്തരം വേട്ടയാടപ്പെടുകയാണ് എൻഡിടിവി. ഇങ്ങനെ ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാൻ മറയില്ലാതെ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് കീഴടങ്ങില്ലെന്ന് അവർ വ്യക്തമാക്കി. എൻഡിടിവി സ്ഥാപനത്തെ തകർക്കാൻ ശ്രമിക്കുന്നവരോട് ഒന്നേ പറയാനുളളൂ-‘സ്വന്തം രാജ്യത്തിനുവേണ്ടി പോരാടും ഈ ശക്തികളെയെല്ലാം മറികടക്കും’.
അതിനിടെ സിബിഐ റെയ്ഡിനെക്കുറിച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചു. സിബിഐയ്ക്ക് ചില വിവരങ്ങൾ ലഭിച്ചു. അതിന് അനുസരിച്ച് അവർ നടപടികൾ സ്വീകരിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകും. മറിച്ച് കേന്ദ്രസർക്കാർ ആരെയും തേടിപ്പിടിച്ച് ഉപദ്രവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സിബിഐ റെയ്‌ഡിനെതിരെ എൻഡിടിവിയിലെ മുതിർന്ന മാധ്യമപ്രവർത്തകർ രംഗത്തെത്തി. സ്വതന്ത്രശബ്ദത്തെ ഇല്ലാതാക്കുന്ന നീക്കമാണെന്നും കരിദിനിമാണെന്നും ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനാവില്ലെന്നും നിർഭയമായി ജോലി ചെയ്യുന്നവർക്കുനേരെയുളള ഭീഷണിയാണെന്നും അവർ തങ്ങളുടെ ട്വീറ്റുകളിലൂടെ വ്യക്തമാക്കി.

എക്‌സ്‌പ്രസ് ഫൊട്ടോ/ താഷി തോഭഗയാൽ
” സന്ദേശം വ്യക്തമാണ്: മാധ്യമ രംഗത്തുളള ഏത് സ്വതന്ത്ര ശബ്ദവും ഭീഷണിപ്പെടുത്തി ഇല്ലാതാക്കുക എന്നതാണ്. കരിദിനം” എന്നാണ് എൻഡിടിവി മാനേജിങ് എഡിറ്റർ ശ്രീനിവാസൻ ജയിൻ ട്വീറ്റ് ചെ്യത്. ” പ്രണോയിക്കും രാധിക റോയ്ക്കും ഒപ്പം, എനിക്കറിയാവുന്ന ഏറ്റവും സത്യസന്ധരും തെളിമയുളളവരും ധൈര്യമുളളവരുമാണവർ. കളളക്കേസുകളെടുത്ത് ഞങ്ങളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനാവില്ല” എന്ന് എഡിറ്റോറിയൽ ഡയറക്ടർ സോണിയ സിങ് ട്വീറ്ററിൽ വ്യക്തമാക്കി. “മാധ്യമങ്ങളിൽ ഇപ്പോഴും സ്വതന്ത്രവും നിർഭയരുമായി ജോലി ചെയ്യുന്നവർക്കുളള സന്ദേശമാണിത്. ഞങ്ങളെ ഭയപ്പെടുത്താനാകില്ലെന്ന്” എക്സിക്യൂട്ടീവ് എഡിറ്റർ നിധി റാസ്‌ദാൻ ട്വിറ്ററിൽ കുറിച്ചു.
നേരത്തെ 2015 ൽ ഫെമ ചട്ടം ഉപയോഗിച്ച് കോടികളുടെ ഫണ്ട് കൈമാറ്റം നടത്തിയതിന് എന്‍ഡിടിവിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടേറ്റ് നോട്ടീസ് നല്‍കിയിരുന്നു. പ്രണോയ് റോയ്, ഭാര്യ രാധിക റോയ്, സീനിയര്‍ എക്‌സിക്യുട്ടീവ് കെ.വി.എല്‍.നാരായണ റാവു എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഫണ്ട് കൈമാറ്റത്തില്‍ ആര്‍ബിഐ ചട്ടങ്ങള്‍ ലംഘിച്ചുവെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടേറ്റ് നോട്ടീസിൽ വ്യക്തമാക്കിയത്.
ന്യൂഡൽഹി ടെലിവിഷൻ ലിമിറ്റഡ് ആണ് എൻഡിടിവി എന്ന ചുരുക്കപേരിൽ 1988ലാണ് നിലവിൽ വന്നത്. പ്രണയ് റോയിയും ഭാര്യ രാധികാ റോയിയും ചേർന്നാണ് സ്ഥാപനം ആരംഭിക്കുന്നത്. ഇതിന് മുമ്പും പല ഘട്ടങ്ങളിലും വിവിധ സർക്കാരുകളുടെ കോപത്തിനിരയായിട്ടുണ്ട് എൻഡിടിവി.
മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ഏകദിന സംപ്രേക്ഷണ നിരോധനം എൻഡിടിവിക്ക് മേൽ ശുപാർശ ചെയ്തു. 2016 നവംബർ നാലിന് ഇത് സംബന്ധിച്ച തീരുമാനം ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം 2016 നവംബർ ഒമ്പതിനാണ് ഏകദിന സംപ്രേക്ഷണ നിരോധനം ഏർപ്പെടുത്തി. പഠാൻകോട്ട് എയർ ബേസ് ആക്രമണം സംബന്ധിച്ച് തന്ത്രപരവും സെൻസിറ്റീവും ആയ വിശദാംശങ്ങൾ പരസ്യപ്പെടുത്തി എന്നാരോപിച്ചായിരുന്നു മന്ത്രാലയത്തിന്റെ നടപടി. എന്നാൽ പിന്നീട് ഈ നടപടി സർക്കാർ പിൻവലിച്ചു.
ദുരദർശനിൽ ദേശീയ തലത്തിൽ വേൾഡ് ദിസ് വീക്ക് എന്ന പ്രതിവാര ദൃശ്യപംക്തിയുമായിട്ടായിരുന്നു എൻഡിടിവിയുടെ വരവ്. ഈ പരിപാടി വളരെയേറെ പ്രശംസ പിടിച്ചു പറ്റിയെങ്കിലും ഇത് സംബന്ധിച്ച് പിന്നീട് കേസ് ഉണ്ടായി. ഈ പരിപാടിയുടെ ഗ്രേഡ് നൽകുന്നതുമായി ബന്ധപ്പെട്ട് ക്രിമിനൽ ഗൂഢാലോചന നടന്നുവെന്നാരോപിച്ചാണ് അന്ന് ആരോപണവും കേസും ഉണ്ടായത്. 1998ലാണ് ഈ കേസുണ്ടായത്. പിന്നീട് എൻഡിടിവിക്കെതിരായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഫെമ നിയമപ്രകാരം നോട്ടീസ് നൽകി. 2015 നവംബർ 19നായിരുന്നു ഇഡി നോട്ടീസ് നൽകിയത്.