പട്ന: മുന്‍ കേന്ദ്ര റെയില്‍വെ മന്ത്രി ലാലുപ്രസാദ് യാദവിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ലാലുപ്രസാദിനെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യ രാബ്രി ദേവി, മകന്‍ തേജസ്വി യാദവ് എന്നിവര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. 2006ല്‍ കേന്ദ്രമന്ത്രിയായിരുന്ന കാലത്തെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ടാണ് നടപടി.
ലാലുപ്രസാദിന്റേയും ഭാര്യയുടേയും വീടുകള്‍ അടക്കം 12 ഇടങ്ങളില്‍ സിബിഐ റെയ്ഡു നടക്കുകയാണ്. റാഞ്ചിയിലും പട്നയിലും രാവിലെ 5.20ഓടെയാണ് റെയ്ഡ് ആരംഭിച്ചത്. കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കേ ഐആര്‍സിടിസിയുടെ കീഴിലുള്ള ഹോട്ടലുകളുടെ നടത്തിപ്പു ചുമതല അനധികൃതമായി ഒരു സ്വകാര്യ കമ്പനിക്കു നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ്.
ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നും ഐആര്‍സിടിസി റാഞ്ചിയിലേയും പുരിയിലേയും ബിഎന്‍ആര്‍ ഹോട്ടലുകള്‍ ഏറ്റെടുത്തിരുന്നു. ഇവയുടെ നടത്തിപ്പു ചുമതല 15 വര്‍ഷത്തേക്ക് സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് നല്‍കുകയായിരുന്നു. കരാര്‍ തുകയായി 15.45 കോടിയും ലൈസന്‍സസ് ഫീസായി 9.96 കോടിയുമാണ് ബിഎന്‍ആര്‍ ഹോട്ടലുകള്‍ ഏറ്റെടുക്കാന്‍ സുജാത ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയത്.
ഇതിന് പകരമായി ലാലുവിന് രണ്ട് ഏക്കര്‍ സ്ഥലം പട്നയില്‍ നല്‍കിയെന്നാണ് വിവരം. ഇവിടെ ഇപ്പോള്‍ ഒരു മാള്‍ പണിതിരിക്കുകയാണ്. ഇത് സ്വകാര്യ കമ്പനി യാദവ് കുടുംബത്തിന് നല്‍കിയതാണെന്ന് സിബിഐ ആരോപിക്കുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച ലാലുപ്രസാദ് തന്റെ ഇടപാടുകള്‍ സുതാര്യമായിരുന്നെന്ന് വ്യക്തമാക്കി.