ബെംഗളൂരു: അഴിമതിക്കേസുമായി ബന്ധപ്പെട്ട് കർണാടക കോൺഗ്രസ് മേധാവി ഡി കെ ശിവകുമാറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടത്തുന്നു. ഡി. കെ ശിവകുമാറിന്റെയും സഹോദരനും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ സുരേഷിന്റെ വീട്ടിലും സിബിഐ റെയ്ഡ് നടത്തി. കുറഞ്ഞത് 15 സ്ഥലങ്ങളെങ്കിലും സിബിഐ റെയ്ഡ് ചെയ്യുന്നുവെന്ന് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

ബെംഗളൂരുവിലെ സദാശിവനഗറിലെ ഡി കെ ശിവകുമാറിന്റെ വീട്ടിലും കനകപുരയിലെയും ബെംഗളൂരുവിലെയും ഡി കെ സുരേഷിന്റെ വീട്ടിലും സ്ഥാപനങ്ങളിലും സിബിഐ സംഘങ്ങൾ റെയ്ഡ് നടത്തി. സിബിഐ എസ്പി തോംസൺ ജോസിന്റെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ ആറുമണിക്ക് പരിശോധന ആരംഭിച്ചത്. ഞായറാഴ്ച കോടതിയിൽ നിന്നും വാറണ്ട് വാങ്ങിയ ശേഷമായിരുന്നു പരിശോധന.

Read More: സനൂപിനെ കൊന്നത് ആർഎസ്‌എസ്-ബജ്‌റംഗ്‌ദൾ പ്രവർത്തകർ: മന്ത്രി എ.സി.മൊയ്‌തീൻ

2019 സെപ്തംബറില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഡി. കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. 2017 ഓഗസ്റ്റില്‍ ഡി. കെ ശിവകുമാറും ഡി. കെ സുരേഷ് കുമാറുമായി ബന്ധപ്പെട്ട നിരവധി കേന്ദ്രങ്ങളില്‍ ഇന്‍കം ടാക്‌സ് ഡിപാര്‍ട്ട്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു. ഡല്‍ഹി, ചെന്നൈ, കര്‍ണാടക എന്നിവിടങ്ങളിലായിരുന്നു അന്ന് റെയ്ഡ് നടത്തിയിരുന്നത്. അക്കാലത്ത് ശിവകുമാര്‍ കര്‍ണാടക മന്ത്രിയായിരുന്നു. അന്ന് ശിവകുമാറില്‍ നിന്ന് കണക്കില്‍പെടാത്ത എട്ട് കോടി കണ്ടെത്തിയതായി ഇന്‍കം ടാക്‌സ് വകുപ്പ് പറഞ്ഞിരുന്നു.

എന്നാല്‍ റെയ്ഡില്‍ പ്രതികരിച്ചുകൊണ്ട് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവ് രണ്‍ദീപ് സുര്‍ജേവാല രംഗത്തെത്തി. ഈ റെയ്ഡ് രാജ് അവരുടെ കുടില തന്ത്രമാണെന്നും യെദിയൂരപ്പ സര്‍ക്കാരിന്റെ അഴിമതികള്‍ ആദ്യം പുറത്ത് കൊണ്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

‘വെറും പാവകളായ സി.ബി.ഐക്കൊണ്ട് മോദി-യെദിയൂരപ്പ സര്‍ക്കാര്‍ ഡി. കെ ശിവകുമാറിന്റെ വീട്ടില്‍ നടത്തുന്ന ഈ ഗൂഢാലോചനയുടെയും വിരട്ടലിന്റെയും വൃത്തികെട്ട കളി ഒരിക്കലും ഞങ്ങളെ തകര്‍ക്കില്ല.

യെദിയൂരപ്പ സര്‍ക്കാരിന്റെ അഴിമതിയും സി.ബി.ഐ കണ്ടെത്തണം. പക്ഷെ ഈ ‘റെയ്ഡ് രാജ്’ അവരുടെ കുടില തന്ത്രമാണ്,’ അദ്ദേഹം ട്വീറ്റ് ചെയ്തു. വളഞ്ഞ ശ്രമങ്ങള്‍ക്ക് മുന്നില്‍ മുട്ടുകുത്തില്ലെന്ന് മോദിയുടെയും യെദിയൂരപ്പ സര്‍ക്കാരിന്റെയും ‘മുന്നണി സംഘടനകളായ’ സി.ബി.ഐ, ഇ.ഡി, ഇന്‍കം ടാക്‌സ് എന്നിവരെ തങ്ങള്‍ അറിയിക്കുന്നുവെന്നും രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

Read in English: CBI raids 15 locations linked to Congress’ DK Shivakumar in alleged corruption case

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook