ചെന്നൈ: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് ദേശീയ നേതാക്കളിൽ പ്രമുഖനുമായ പി.ചിദംബരത്തിന്റെയും മകന്റെയും വസതിയിൽ സിബിഐ റെയ്ഡ്. ഐഎൻഎക്സ് മീഡിയയുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് പരിശോധന. എന്നാൽ കേസിൽ താൻ പ്രതിയല്ലെന്നും ഈ തിരച്ചിൽ അനാവശ്യമാണെന്നും പി.ചിദംബരം പിന്നീട് പ്രതികരിച്ചു.

ഐഎൻഎക്സ് മീഡിയ സ്ഥാപനത്തിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ് ഈ റെയ്ഡ്. ഒരു സിബിഐ സംഘം പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ വസതിയിലും റെയ്ഡ് നടത്തി. മുംബൈ, ഡൽഹി, ഗുരുഗ്രാം എന്നിവിടങ്ങളിലായി പരിശോധന നടക്കുന്നുണ്ടെന്ന് എഎൻഐ വ്യക്തമാക്കി.

അതേസമയം തന്നെ നിശബ്ദനാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമമാണ് ഇതിന് പിന്നിലെന്ന് പി.ചിദംബരം പറഞ്ഞു. “നൂറ് കണക്കിന് കേസുകളിൽ എഫ്ഐപിബി അനുമതി നൽകാറുണ്ട്. അഞ്ച് കേന്ദ്ര സെക്രട്ടറിമാരടങ്ങുന്ന പ്രത്യേക സമിതിയാണ് ഇതിന്റെ എല്ലാ കാര്യങ്ങളും പരിശോധിക്കുന്നതും തീരുമാനിക്കുന്നതും. അവർക്കാർക്കും എതിരായി ആരോപണങ്ങളില്ല. എനിക്കെതിരെയും ഇല്ല.”

“എല്ലാ കേസുകളും ഈ അഞ്ച് സെക്രട്ടറിമാരടങ്ങുന്ന സമിതി പരിശോധിച്ച ശേഷം നിയമപരമായി തന്നെ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുകയാണ് പതിവ്. ഇപ്പോഴത്തെ കേന്ദ്രസർക്കാർ സിബിഐ ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികളെ ആയുധമാക്കുകയാണ്. അവരുടെ ലക്ഷ്യം എന്റെ മകനും അവന്റെ സുഹൃത്തുക്കളുമാണ്. എന്നെ നിശബ്ദനാക്കുകയും എഴുത്ത് അവസാനിപ്പിക്കുകയുമാണ് കേന്ദ്രസർക്കാരിന്റെ ആവശ്യം. അവർ പ്രതിപക്ഷ കക്ഷികളോടും പത്രപ്രവർത്തകരോടും എഴുത്തുകാരോടും സർക്കേരത സംഘടനകളോടും ചെയ്യുന്നതാണത്. എന്ത് സംഭവിച്ചാലും ഞാൻ എഴുത്തും പ്രസംഗവും തുടരുക തന്നെ ചെയ്യും” ചിദംബരം പത്രക്കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം റെയ്ഡ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണമാണ് കോൺഗ്രസ് വക്താവ് ടോം വടക്കൻ പ്രതികരിച്ചത്. “ഇക്കഴിഞ്ഞ മൂന്ന് വർഷം നിങ്ങൾ എവിടെയായിരുന്നു? ഗുരുതരമായ കുറ്റങ്ങൾ ഉണ്ടെങ്കിൽ മുന്നോട്ട് പോകൂ. തെളിവുകൾ കണ്ടെത്തി അത് സത്യമാണെന്ന് തെളിയിക്കൂ. നിങ്ങൾ തന്നെ നിങ്ങളുടെ വില കളയരുത്. ജനങ്ങളിതെല്ലാം കണ്ടുകൊണ്ട് ഇരിക്കുകയാണ്. നിങ്ങളിപ്പോഴും സംശയിക്കുകയും എന്നിട്ട് വല്ലതും കണ്ടെത്താനുള്ള ശ്രമത്തിലുമാണ്” അദ്ദേഹം ബിജെപി യ്ക്കെതിരെ രോഷത്തോടെ പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ