ന്യൂഡല്‍ഹി: ഐഎൻഎക്‌സ് മീഡിയ കേസിലെ പ്രതിയായ ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയെ തുടര്‍ന്നാണ് മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തതെന്ന് സിബിഐ വ്യക്തമാക്കി. ഇന്ദ്രാണിയോടും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയോടും മകനെ ബിസിനസ്സില്‍ സഹായിക്കാന്‍ അന്ന് കേന്ദ്രമന്ത്രിയായിരുന്ന പി.ചിദംബരം ആവശ്യപ്പെട്ടതായും സിബിഐ കൂട്ടിച്ചേര്‍ത്തു.

ഐഎന്‍എക്സ് മീഡിയയ്ക്ക് എഫ്ഐപിബിയുടെ അംഗീകാരം ലഭിക്കാന്‍ തങ്ങളുമായി 1 മില്യണ്‍ ഡോളറിന്റെ ഇടപാട് ഉണ്ടായിരുന്നതായി ഷീന ബോറ കേസില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജി സിബിഐയോട് വെളിപ്പെടുത്തി. കാർത്തി ചിദംബരത്തെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കിയേക്കും. ഡൽഹി സിബിഐ കോടതിയിലാണ് ഹാജരാക്കുക. ഇന്നലെ അനുവദിച്ച ഒരു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് പൂര്‍ത്തിയാകും.

ഒന്നര മണിക്കൂര്‍ നീണ്ട വാദം കേള്‍ക്കലിന് ശേഷമാണ് കാര്‍ത്തി ചിദംബരത്തെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഇന്നലെ സിബിഐ കോടതി ഉത്തരവിട്ടത്. സിബിഐ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നും മറ്റുള്ളവരെ പോലെ താന്‍ ഇന്ത്യ വിടില്ലെന്നും കാര്‍ത്തി ചിദംബരം കോടതിയില്‍ പറഞ്ഞു.

കാര്‍ത്തി ചിദംബരത്തെ ഇന്നലെ രാവിലെയാണ് ചെന്നൈയില്‍ വച്ച് സിബിഐ അറസ്റ്റ് ചെയ്തത്. വൈകിട്ടോടെ ഡല്‍ഹി സിബിഐ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും കോടതിയിലേക്ക് പോകവേ കാര്‍ത്തി ചിദംബരം മാധ്യമങ്ങളോട് പ്രതികരിച്ചു.

മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിങ്‌വിയാണ് കേസില്‍ കാര്‍ത്തിക്കായി ഹാജരായത്. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഈ കേസിലില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ ഒരു തവണ പോലും സിബിഐ സമന്‍സ് അയച്ചിട്ടില്ല. മറ്റുള്ളവരെപ്പോലെ കാര്‍ത്തി ചിദംബരം രാജ്യം വിടില്ലെന്നും സിങ്‌വി വാദിച്ചു.

എന്നാല്‍ കേസ്സുമായി‌ ഇതുവരെ കാര്‍ത്തി സഹകരിച്ചിട്ടില്ലെന്നും നല്‍കിയ മൊഴികളിലെല്ലാം വൈരുധ്യമുണ്ടെന്നും സിബിഐ ചൂണ്ടിക്കാട്ടി. 15 ദിവസത്തെ കസ്റ്റഡിയും സിബിഐ തേടി. ഇരുവാദവും കേട്ട കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. പിഎൻബി അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നിയമാനുസൃത നടപടി മാത്രമാണ് അറസ്റ്റെന്ന് ബിജെപിയും പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ