മുംബൈ: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കി​​​​ന്റെ മുംബൈ ശാഖയിൽ 11,360 കോടി രൂപയുടെ തട്ടിപ്പ്​. വിവിധ അക്കൗണ്ടുകളിലേക്ക്​ തട്ടിപ്പിലൂടെ മാറ്റിയ പണം വിദേശത്ത് നിന്ന് പിന്‍വലിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇടപാടുകളുടെ ബലത്തിൽ ഏതാനും വിദേശ ബാങ്കുകൾ പണം പിൻവലിച്ചവർക്ക്​ വായ്​പ നൽകിയതായും റിപ്പോർട്ടുണ്ട്​.

ബാങ്കി​​​​ന്റെ പരാതിയെ തുടര്‍ന്ന് സിബിഐയും എന്‍ഫോഴ്‌സ്മെന്റ്​ ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വജ്ര വ്യാപാരിയായ നീരവ് മോദിയേയും അദ്ദേഹത്തിന്റെ കമ്പനികളേയും ചുറ്റിപറ്റി സിബിഐ അന്വേഷണം നടത്തുന്നുണ്ട്.

ജനുവരി 29ന് പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് ഫെബ്രുവരി അഞ്ചിന് സിബിഐ നീരവ് മോദി, അദ്ദേഹത്തിന്റെ ഭാര്യ അമി മോദി, സഹോദരന്‍ നിഷാല്‍ മോദി, അമ്മാവന്‍ മെഹുല്‍ ചോക്സി എന്നിവര്‍ക്കെതിരെ കേസ് എടുത്തിരുന്നു. അന്ന് 280 കോടി രൂപയുടെ തട്ടിപ്പാണ് ആരോപിക്കപ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് ബാങ്കിലെ പത്തോളം ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ചില ജീവനക്കാര്‍ മോദിയെ തട്ടിപ്പിന് സഹായിച്ചിട്ടുണ്ടെന്ന് സിബിഐ എഫ്ഐആറില്‍ പറയുന്നു. തട്ടിപ്പിലൂടെ ഉണ്ടായ നഷ്​ടം ബാങ്ക്​ വഹിക്കേണ്ടി വരുമോയെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമ​ത്തെ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ