ന്യൂഡൽഹി: സിബിഐയിലെ പാതിരാ അട്ടിമറി കഴിഞ്ഞപ്പോൾ സർക്കാരും കേന്ദ്ര വിജിലൻസ് കമ്മിഷനും പുതുതായി നിയോഗിക്കപ്പെട്ട ഇടക്കാല സിബിഐ ഡയറക്ടറും പ്രതിക്കൂട്ടിൽ. റഫാൽ പോർവിമാന ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ തേച്ചുമാച്ചു കളയാനാണ് സിബിഐയിലെ ഇളക്കി പ്രതിഷ്ഠകളെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. അന്വേഷണങ്ങൾ സർക്കാരിന്റെ താൽപര്യങ്ങൾക്ക് ഇണങ്ങാത്ത സാഹചര്യങ്ങൾ നിലനിൽക്കെയാണ് തന്നെ മാറ്റിയതെന്നും അതിന് രാഷ്ട്രീയ കാരണങ്ങൾകൂടിയുണ്ടെന്നും സൂചന നൽകുന്നതാണ് പുറത്താക്കപ്പെട്ട അലോക് വർമ്മ സുപ്രീംകോടതിയിൽ നൽകിയ ഹർജി. പുതിയ സിബിഐ ഡയറക്ടറാകട്ടെ അവിഹിതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആക്ഷേപം നേരിടുന്നു.
എന്നാല്‍ റഫേല്‍ മുതല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കൈക്കൂലി അഴിമതി വരെയുളള കേസുകളാണ് പുറത്താവുമ്പോള്‍ അലോക് വർമ്മയുടെ ടേബിളില്‍ ഉണ്ടായിരുന്നത്. ചെയ്യാന്‍ ബാക്കിയുണ്ടായിരുന്ന കേസുകള്‍ ഏതൊക്കെയാണെന്ന വിവരം ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിടുന്നു.
ഫ്രാന്‍സുമായുളള റഫേല്‍ ഇടപാടിലെ ക്രമക്കേടാണ് ഇതില്‍ പ്രധാനപ്പെട്ട കേസ്. പരാതിയെ തുടര്‍ന്ന് കേസില്‍ പരിശോധന നടക്കുന്നതിനിടെയാണ് വർമ്മയെ കേന്ദ്രം പുറത്താക്കുന്നത്. ഒക്ടോബര്‍ 4നാണ് 132 പേജുളള പരാതി സിബിഐക്ക് ലഭിച്ചത്. മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ് എന്നിവര്‍ നല്കിയതായിരുന്നു ഈ പരാതി. പരാതിക്ക് മേല്‍ കേന്ദ്രത്തിനോട് റഫാല്‍ ഇടപാടിലെ രേഖകള്‍ വർമ്മ ആവശ്യപ്പെട്ടിരുന്നതായാണ് വിവരം.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ നടന്ന കൈക്കൂലി അഴിമതി കേസില്‍ പ്രമുഖരായ ചിലര്‍ക്കെതിരെ അന്വേഷണത്തിന് തയ്യാറെടുക്കുകയായിരുന്നു വർമ്മ. വിരമിച്ച ഹൈക്കോടതി ജഡ്ജി ഐ.എം.ഖുദ്സി അടക്കമുളളവര്‍ ഉള്‍പ്പെട്ട കേസാണിത്. ഖുദ്സിക്ക് എതിരായ കുറ്റപത്രം തയ്യാറായെന്നും വർമ്മയുടെ ഒപ്പ് മാത്രമായിരുന്നു വേണ്ടിയിരുന്നതെന്നും സിബിഐയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
മെഡിക്കല്‍ പ്രവേശനത്തിലെ അഴിമതി ആരോപിക്കപ്പെട്ട് അവധിയില്‍ പ്രവേശിച്ച അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്.എന്‍.ശുക്ലയ്ക്ക് എതിരായ അന്വേഷണമാണ് മറ്റൊന്ന്. കേസ് അന്വേഷണത്തിന് യോഗ്യമാണെന്ന് സിബിഐ അംഗീകരിച്ചിരുന്നു. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായ കേസിലും വർമ്മയുടെ ഒപ്പ് മാത്രമായിരുന്നു വേണ്ടിയിരുന്നത്.
ധനകാര്യ- റവന്യൂ സെക്രട്ടറി ഹസ്മുഖ് ആധിയയ്ക്ക് എതിരെ ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി നല്കിയ പരാതിയിന്മേലുളള അന്വേഷണവും വർമ്മ നടത്തുകയായിരുന്നു. കല്‍ക്കരി ഖനനാനുമതിയില്‍ അഴിമതിയുണ്ടെന്ന ആരോപണം പ്രധാനമന്ത്രിയുടെ സെക്രട്ടറിയായ ഐഎഎസ് ഉദ്യോഗസ്ഥന് ഭാസ്കര്‍ ഖുല്‍ബെയ്ക്ക് എതിരെ ഉയര്‍ന്നിരുന്നു. ഈ കേസും പരിഗണനയിലായിരുന്നു. അസ്താനയ്ക്ക് എതിരായ ഒരു കേസും വർമ്മയുടെ പരിഗണനയിലായിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook