ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സിബിഐ സുപ്രീം കോടതിയില്‍. ജാമ്യം അനുവദിച്ചാല്‍ ലാലു രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് സിബിഐ ജാമ്യാപേക്ഷയെ എതിര്‍ത്തത്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ ലാലു പ്രസാദ് യാദവ് ഇടപെടാന്‍ സാധ്യതയുണ്ടെന്നും സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സിബിഐ പറഞ്ഞു.
എട്ട് മാസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ചില രാഷ്ട്രീയ ഇടപെടലുകള്‍ അദ്ദേഹം നടത്തിയെന്നും സിബിഐ ആരോപിച്ചു. ആശുപത്രിയില്‍ കിടന്നും ലാലു രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിയതിന് ആശുപത്രിയിലെ സന്ദര്‍ശകരുടെ ലിസ്റ്റില്‍ തെളിവുകളുണ്ടെന്നും സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. ജയിലില്‍ കഴിയാന്‍ ഒട്ടേറെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന് പറഞ്ഞ ലാലു പ്രസാദ് യാദവ് ആശുപത്രിയിലെത്തിയപ്പോള്‍ ആരോഗ്യവാനായി കാണപ്പെട്ടു എന്നും സിബിഐ വ്യക്തമാക്കി.
ലാലുവിന്റെ അപേക്ഷയിൽ മറുപടി നൽകണമെന്ന് സുപ്രീം കോടതി സിബിഐയോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. വാർദ്ധക്യവും മോശം ആരോഗ്യസ്ഥിതിയും ചൂണ്ടിക്കാട്ടിയാണ് ലാലു പ്രസാദ് ജാമ്യത്തിന് അപേക്ഷിച്ചിരിക്കുന്നത്.