ലക്ഷക്കണക്കിന് അനുയായികള്‍, രാഷ്ട്രീയ സ്വാധീനം ഇതിനെല്ലാം നടുവില്‍ നിന്ന് ഗുര്‍മീത് റാം റഹിമിനെതിരെയുള്ള ലൈംഗിക പീഡനക്കേസ് അന്വേഷിച്ചു തെളിയിക്കുക എന്നത് സിബിഐയെ സംബന്ധിച്ചിടത്തോളം എത്ര എളുപ്പമുള്ള ഒരു കാര്യമല്ല. 2007ലാണ് കേസ് അന്വേഷിക്കാന്‍ ഡിഐജി മുളിഞ്ച നാരായണനെ ചുമതലപ്പെടുത്തുന്നത്. അദ്ദേഹം അന്വേഷണ ചുമതല ഏറ്റെടുത്ത ഉടന്‍ തന്നെ റാം റഹിമിന്റെ അനുയായികളില്‍ നിന്നും ഭീഷണികളും മറ്റ് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്നും നാരായണനെ തേടി ഭീഷണികളും സമ്മര്ദ്ദങ്ങളുമെത്തി.
ഒടുവില്‍ കേസ് അതിന്റെ അന്തിമ ഘട്ടത്തില്‍ എത്തിയപ്പോള്‍, ജോലിയില്‍ നിന്നും വിരമിച്ചെങ്കിലും അന്വേഷണ കാലഘട്ടവും അന്നു താന്‍ നേരിട്ട വെല്ലുവിളികളുമൊക്കെ ഓര്‍ത്തെടുക്കുകയാണ് നാരായണന്. ഈ കേസ് അവസാനിപ്പിക്കാന്‍ നിരവധി പേര് തന്നോട് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം പറയുന്നു. ആദ്യ ദിവസം തന്നെ തന്റെ ക്യാബിനിലേക്ക് കടന്നു വന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞത് ‘കേസ് അവസാനിപ്പിക്കാനാണ് കേസിന്റെ ചുമതല നാരായണനെ എല്പ്പിച്ചത്’ എന്നായിരുന്നുവെന്നു അദ്ദേഹം പറയുന്നു.
എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ‘ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഈ കേസിന്റെ അന്വേഷണ ചുമതല എനിക്ക് ലഭിക്കുന്നത്. 2002ല്‍ എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അഞ്ചുവര്‍ഷമായിട്ടും ഒരു തരത്തിലുള്ള പുരോഗതിയും കേസില്‍ ഉണ്ടായിരുന്നില്ല. പിന്നീടാണ് കേസ് സിബിഐക്ക് വിടാന്‍ കോടതി നിര്‍ദ്ദേശിക്കുന്നത്. അന്വേഷണം അതിന്റെ മുറയ്ക്കു നടക്കുമെന്നും താങ്കളുടെ ഉത്തരവ് അനുസരിക്കാന്‍ തത്ക്കാലം നിവര്‍ത്തിയില്ലെന്നും ഞാനെന്റെ മേലുദ്യോഗസ്ഥനോട് പറഞ്ഞു.’ നാരായണന് ഓര്‍ത്തെടുക്കുന്നു.
മേലുദ്യോഗസ്ഥര്‍ മാത്രമല്ല, രാഷ്ട്രീയക്കാരുമുണ്ടായിരുന്നു റാം റഹിമിനെ സംരക്ഷിക്കുന്നവരുടെ കൂട്ടത്തിലെന്ന് നാരായണന്. നിരവധി ഫോള്‍ കോളുകളാണ് തന്നെ തേടി വന്നത്. ഹരിയാനയിലെ എംപിമാര്‍ ഉള്‍പ്പെടെ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ‘എംപിമാര്‍ ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന നേതാക്കള്‍ എന്നെ വിളിച്ചു. പക്ഷെ സമ്മര്‍ദ്ദങ്ങള്‍ക്ക് വശപ്പെടാന്‍ ഞാന്‍ തയ്യാറായില്ല. ഹൈക്കോടതിയാണ് കേസ് കൈമാറിയതെന്ന വസ്തുതയാണ് ആ ഘട്ടത്തില്‍ സഹായകമായത്.’ നാരായണന് പറയുന്നു.
ദേരാ അനുനായികളുടെ ഭീഷണിയുമുണ്ടായിരുന്നു മുളിഞ്ച നാരായണന്. തന്റെ വീട് കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നൊക്കെ അവര്‍ പറഞ്ഞിരുന്നു. ഇതു മാത്രമായിരുന്നില്ല കേസന്വേഷണത്തിലെ വെല്ലുവിളികള്‍. ലൈംഗിക ചൂഷണത്തിനു ഇരയായി എന്നു വിശദീകരിച്ചുകൊണ്ട് എഴുതിയ കത്തിനെ അടിസ്ഥാനമാക്കി രെജിസ്റ്റര്‍ ചെയ്ത പരാതി അന്വേഷിക്കുന്നതും അത്ര എളുപ്പമായിരുന്നില്ല.
‘എവിടെ നിന്നാണ് പരാതി വന്നതെന്ന് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. പഞ്ചാബിലെ ഹൊഷിയാപൂരില് നിന്നാണെന്നു മനസിലായെങ്കിലും കത്തയച്ച ആളെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ദേരയില്‍ നിന്നും പോകുകയും പിന്നീട് വിവാഹിതയാകുകയും ചെയ്തിരുന്നു. പിന്നീട് പരാതിക്കാരിയെയും അവരുടെ കുടുംബത്തെയും കണ്ടെത്താനും കേസിന്റെ ഗൗരവം പറഞ്ഞു മനസിലാക്കാനും അവരുടെ മൊഴിയെടുക്കാനുമൊക്കെ നന്നായി കഷ്ടപ്പെട്ടു. ഇരയും സാക്ഷികളുമൊക്കെ ഭീഷണിയുടെ നിഴലില്‍ ആയിരുന്നു.’ നാരായണന് പറയുന്നു.
ഇതെല്ലാം കഴിഞ്ഞ് റാം റഹിമിനെ ചോദ്യം ചെയ്യുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ‘ഒരുപാട് ശ്രമങ്ങള്‍ക്കൊടുവില്‍ രണ്ടര മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലില്‍ ഉടനീളം റാം റഹിം വിനയത്തോടെ സഹകരിച്ചെങ്കിലും എല്ലാ ആരോപണങ്ങളും നിഷേധിക്കുകയായിരുന്നു.’
2009ലാണ് നാരായണന് 38 വര്‍ഷം നീണ്ടു നിന്ന സര്‍വീസില്‍ നിന്നും വിരമിക്കുന്നത്.
റാം റഹീമിനെതിരെയുള്ള രണ്ടുകേസുകളും വളരെ ശക്തമാണെന്നും അവയ്ക്ക് ന്യായമായൊരു പരിസമാപ്തി ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് നാരായണന് പറയുന്നു.