ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ 13000 കോടിയിലേറെ രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ സംസ്ഥാന കേഡറിലേക്ക് മടക്കി അയച്ചു. കേസിൽ നീരവ് മോദിക്കും അമ്മാവനായ മെഹുൽ ചോക്സിക്കും എതിരെ റെഡ് കോർണർ നോട്ടീസ് നൽകാൻ തീരുമാനിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സിബിഐയിലെ ജോയിന്റ് ഡയറക്ടറായ രാജീവ് സിങ്, ജോയിന്റ് ഡയറക്ടർ (എസ്‌ടിഎഫ്) ആന്റ് സ്‌പെഷൽ ക്രൈം നൈന സിങ്, ഡിഐജി അനീഷ് പ്രസാദ്, എസ്‌പി ആർ.ഗോപാല കൃഷ്ണ റാവു എന്നിവരെയാണ് അവരവരുടെ സംസ്ഥാന കേഡറുകളിലേക്ക് മടക്കി അയച്ചത്.
രാജ്യാന്തര തലത്തിൽ തന്നെയുളള അറസ്റ്റ് വാറണ്ടിന് തൊട്ടുമുൻപുളള എട്ടാമത്തെ നോട്ടീസാണിത്. ഇതിനും കുറ്റവാളികൾ മറുപടി നൽകിയില്ലെങ്കിൽ പ്രതികളെ ലോകത്തെവിടെ കണ്ടാലും അറസ്റ്റ് ചെയ്യാമെന്നാണ്. ഈ നീക്കത്തിന് തൊട്ട് മുൻപാണ് ഉദ്യോഗസ്ഥരെ മാറ്റിയത്.
ഇവരിൽ നൈന സിങ് 1989 ലെ രാജസ്ഥാൻ കേഡർ ഐപിഎസ് ഓഫീസറാണ്. മറ്റുളളവരെല്ലാം ത്രിപുര കേഡറിലെ ഐപിഎസ് ഓഫീസർമാരുമാണ്. രാജീവ് സിങ് 1993 ബാച്ചിലെയും അനീഷ് പ്രസാദ് 2003 ബാച്ചിലെയും ഗോപാലകൃഷ്ണ റാവു 2005 ബാച്ചിലെയും ഐപിഎസ് ഓഫീസർമാരാണ്.
നൈന സിങ്, രാജീവ് സിങ്, ഗോപാലകൃഷ്ണ റാവു എന്നിവരോട് ഉടൻ സംസ്ഥാന കേഡറിലേക്ക് മടങ്ങാനും അനീഷ് പ്രസാദിനോട് ജൂൺ രണ്ടിന് സംസ്ഥാന കേഡറിലേക്ക് മടങ്ങാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന സർക്കാരുകൾ പ്രത്യേകമായി ആവശ്യപ്പെട്ടതിനാലാണ് ഓഫീസർമാരെ അതത് കേഡറുകളിലേക്ക് മടക്കി അയക്കുന്നതെന്നാണ് ഇതിന് സിബിഐ നൽകിയിരിക്കുന്ന വിശദീകരണം.