ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ സിബിഐയിലെ രണ്ടാമന്‍ രാകേഷ് അസ്താനയ്ക്കെതിരെ അഴിമതി കേസ് അന്വേഷിക്കുന്ന സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ തൽസ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെയാണ് നടപടി. അസ്താനയ്ക്കെതിരായ കേസ് അന്വേഷിക്കുന്ന സംഘത്തെ നയിക്കുന്ന സിബിഐ ഡെപ്യൂട്ടി എസ്പി എ.കെ.ബസ്സിയെ പോര്‍ട്ട് ബ്ലെയറിലേക്കാണ് സ്ഥലം മാറ്റിയത്.

പൊതുജന താത്പര്യാര്‍ത്ഥമാണ് സ്ഥലം മാറ്റമെന്നാണ് സിബിഐ ഉത്തരവില്‍ പറയുന്നത്. ബസ്സിയുടെ അന്വേഷണ സംഘത്തിലുളള മറ്റ് ഉദ്യോഗസ്ഥരേയും അന്വേഷണത്തില്‍ നിന്നും നീക്കം ചെയ്ത് സ്ഥലം മാറ്റിയിട്ടുണ്ട്. പുതിയ അന്വേഷണ സംഘത്തെയാണ് ഇപ്പോഴത്തെ സിബിഐ ഡയറക്ടറായ എം.നാഗേശ്വര റാവു ചുമതലപ്പെടുത്തിയിരിക്കുന്നത്. കേസ് അട്ടിമറിക്കാനായാണ് കേന്ദ്രത്തിന്റെ ഇടപെടലെന്ന ആരോപണം ഉയര്‍ന്നതിനിടെയാണ് അന്വേഷണ സംഘത്തെ പൂര്‍ണമായും മാറ്റിയത്.

സിബിഐയിലെ രണ്ടാമനായ അസ്താനയ്ക്കെതിരെ അഴിമതിക്കും കൈക്കൂലി വാങ്ങിയതിനും കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ അസ്താനയുടെ അറസ്റ്റിന് കേന്ദ്ര അനുമതി തേടിയെങ്കിലും ലഭിച്ചില്ല.

എന്നാല്‍ റഫേല്‍ ഇടപാടിലെ രഹസ്യ രേഖകള്‍ ചോദിച്ചതിനാണ് വർമ്മയെ നീക്കം ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്. വിവാദമായ റഫേല്‍ ഇടപാടില്‍ പ്രാഥമിക അന്വേഷണത്തിനായി സുപ്രീം കോടതി ജഡ്ജി അടക്കമുളളവരുടെ കൊളീജിയം വർമ്മയെ ചുമതലപ്പെടുത്തിയിരുന്നതായി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ മന്ത്രാലയത്തോട് വർമ്മ രേഖകള്‍ ആവശ്യപ്പെട്ടത്.

ഇതിന് പിന്നാലെയാണ് അസ്താനയെ അറസ്റ്റ് ചെയ്യാന്‍ വർമ്മ അനുമതി തേടുന്നതും കേന്ദ്രം അപേക്ഷ തളളുന്നതും. തുടര്‍ന്നാണ് ഇന്നലെ രാത്രിയോടെ സിബിഐ ഡയറക്ടർ അലോക് കുമാർ വർമ്മയെ തൽസ്ഥാനത്തു നിന്ന് മാറ്റിയത്. എം.നാഗേശ്വര റാവുവിന് ആണ് താത്കാലിക ചുമതല നല്‍കിയിരിക്കുന്നത്. അസ്താനയോട് അവധിയിൽ പോകാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook