ന്യൂഡല്‍ഹി: അനധികൃതമായി വായ്പ അനുവദിച്ച കേസില്‍ ആരോപണവിധേയയായ ഐസിഐസിഐ മുന്‍ മേധാവി ചന്ദാ കൊച്ചാറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത സിബിഐ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌പി സുധാന്‍ശുധര്‍ മിശ്രയ്‌ക്കെതിരെയാണ് നടപടിയെടുത്തത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് നടപടി.

സിബിഐയുടെ ഡല്‍ഹി യൂണിറ്റില്‍ നിന്നും ആണ് മിശ്രയെ സ്ഥലം മാറ്റിയത്. കൊച്ചാറിനെതിരെ ജനുവരി 22നാണ് മിശ്ര പരാതി രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ ജനുവരി 23ന് മിശ്രയെ സ്ഥലം മാറ്റി പകരം ബിശ്വജിത് ദാസിനെ നിയമിച്ചു. തുടര്‍ന്നാണ് ജനുവരി 24ന് വിഡിയോകോണിന്റെ ഓഫീസുകളില്‍ റെയ്ഡ് നടന്നെന്ന വാര്‍ത്ത പുറത്തുവന്നത്. ദാസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്. മിശ്രയെ സ്ഥലം മാറ്റിയതിന് പിന്നാലെ സിബിഐയെ പരസ്യമായി വിമർശിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്തെത്തിയിരുന്നു.

നിയമപരമായ തെളിവുകളില്ലാതെ അന്വേഷണം നടത്തുന്നത് വ്യക്തികളെ തേജോവധം ചെയ്യാന്‍ മാത്രമേ ഉപകരിക്കൂ എന്നായിരുന്നു ജെയ്റ്റ്‌ലി ട്വിറ്ററില്‍ കുറിച്ചത്. അനുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ഒരാളെ പ്രതി ചേർക്കരുതെന്നും ജെയ്റ്റലി എഴുതി. മിശ്രയ്ക്ക് എതിരായ നടപടി അന്വേഷണം അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

വീഡിയോകോണ്‍ കമ്പനിക്ക് 3250 കോടി രൂപയുടെ അനധികൃത വായ്പ അനുവദിച്ചെന്നാണ് കേസ്. ബാങ്ക് മുന്‍ മേധാവി ചന്ദാ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ മേധാവി വി.എന്‍.ദൂട്ട് എന്നിവര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook