നാഗ്‌പൂർ: സൊഹ്റാബുദ്ദീൻ വധക്കേസിലെ സിബിഐ ജഡ്ജി ബി.എച്ച്.ലോയയുടെ മരണത്തിൽ അസ്വാഭാവികമായി ഒന്നും ഉണ്ടായിട്ടില്ലെന്ന് ബോംബെ ഹൈക്കോടതി ജസ്റ്റിസുമാരായ ഭൂഷൻ ഗവായിയും സുനിൽ ശുക്രെയും പറഞ്ഞു. ജസ്റ്റിസിന്റെ മരണം കൊലപാതകമാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ദി ഇന്ത്യൻ എക്സ്‌പ്രസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം ജസ്റ്റിസുമാർ വിശദീകരിച്ചത്.

കാരവൻ മാസികയിൽ വന്ന റിപ്പോർട്ടിൽ ബി.എച്ച്.ലോയയുടെ ഇസിജി എടുത്തിരുന്നില്ലെന്നും, ഇദ്ദേഹത്തിന്റെ മൃതദേഹം എടുത്തത് കുടുംബത്തിന് പരിചയമില്ലാത്ത ആളുകളായിരുന്നുവെന്നും മൃതദേഹത്തിന് അകമ്പടി വാഹനങ്ങൾ ഇല്ലായിരുന്നുവെന്നും അടക്കം നിരവധി ആരോപണങ്ങൾ കുടുംബം ഉയർത്തിയിരുന്നു.

എന്നാൽ ഇന്ത്യൻ എക്സ്‌പ്രസ് നടത്തിയ അന്വേഷണത്തിൽ ഈ ആരോപണങ്ങൾക്ക് തെളിവ് ലഭിച്ചില്ല. ജസ്റ്റിസ് മരിച്ച ദിവസം സിബിഐ ജഡ്ജിന്റെ മൃതദേഹം സംസ്കാരത്തിന് അയക്കുന്നത് വരെയുള്ള നടപടികൾ വേഗത്തിലാക്കുന്നതിന് മുന്നിൽ നിന്നത് ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ ഭുഷൻ ഗവായി, സുനിൽ ശുക്ര എന്നിവരാണെന്നും ആശുപത്രി രേഖകളിൽ നിന്ന് വ്യക്തമായിരുന്നു.

ജസ്റ്റിസ് ബി.എച്ച്.ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞ ഇരുവരും മരണത്തിന് പിന്നിൽ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നും പറഞ്ഞു.

നവംബർ 30 ന് സുഹൃത്തിന്റെ മകളുടെ വിവാഹശേഷം ജസ്റ്റിസ് ബി.എച്ച്.ലോയ രവി ഭവൻ ഗസ്റ്റ് ഹൗസിലായിരുന്നുവെന്നും ഇവിടെ വച്ചാണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടതെന്നും ജസ്റ്റിസ് ഭൂഷൺ ഗവായി പറഞ്ഞു. “ജസ്റ്റിസുമാരായ ശ്രീധർ കുൽക്കർണി, ശ്രീറാം മധുസൂദനൻ മൊടാക് എന്നിവർക്കൊപ്പമാണ് ജസ്റ്റിസ് ബി.എച്ച്.ലോയ ഉണ്ടായിരുന്നത്. പുലർച്ചെ നാല് മണിയോടെയാണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ജഡ്ജി വിജയകുമാർ ബർദേ, ഹൈക്കോടതി നാഗ്പൂർ ബെഞ്ച് ഡപ്യൂട്ടി രജിസ്ട്രാർ രൂപേഷ് രതി എന്നിവരാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്”, ഭൂഷൺ ഗവായി ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു.

“ജഡ്ജ് ബർദേയുടെ കാറിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ഓട്ടോറിക്ഷയിൽ കൊണ്ടുപോയെന്ന ചോദ്യം തന്നെ നിലനിൽക്കുന്നതല്ല”, അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് ബി.എച്ച്.ലോയയുടെ ഇസിജി എടുത്തിരുന്നില്ലെന്ന സഹോദരിയുടെ പ്രസ്താവന തെറ്റാണെന്ന് ആശുപത്രി രേഖകൾ പറയുന്നു. ഇസിജി റിപ്പോർട്ട് ദി ഇന്ത്യൻ ‌എക്സ്‌പ്രസിന് ലഭിച്ചു. ഹോസ്പിറ്റൽ ഡയറക്ടർ പിനാക് ദാണ്ടെ ഇക്കാര്യം സ്ഥിരീകരിച്ചു.

“ഹൈക്കോടതി നാഗ്പൂർ ബെഞ്ചിലെ ഏറ്റവും സീനിയറായ ജസ്റ്റിസ് എന്ന നിലയിൽ എനിക്കാണ് ആദ്യം വിവരം ലഭിച്ചത്. ഇതേതുടർന്ന് താൻ അങ്ങോട്ട് പോയി. ഞാൻ സ്വയം എന്റെ കാർ ഓടിച്ചാണ് പോയത്. ആശുപത്രി അധികൃതർ ഇലക്ട്രിക് ഷോക്ക് അടക്കം പരീക്ഷിച്ച് ജസ്റ്റിസ് ലോയയെ രക്ഷിക്കാൻ ശ്രമിച്ചതാണ്. എന്നാൽ ശ്രമങ്ങൾ എല്ലാ പരാജയപ്പെടുകയും ചെയ്തു. ഇതിൽ സംശയിക്കത്തക്കതായി ഒന്നും ഇല്ല”, ജസ്റ്റിസ് ഭൂഷൺ ഗവായി കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ