ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ സിബിഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യം വിടുന്നത് തടയാനാണ് സിബിഐയുടെ നടപടി. അഴിമതി, വിദേശ നിക്ഷേപ നിയമലംഘനം തുടങ്ങിയ ആരോപണങ്ങളില്‍ അന്വേഷണം നേരിടുന്ന കാര്‍ത്തി നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

അന്വേഷണത്തെ അട്ടിമറിക്കാന്‍ പ്രതി രാജ്യം വിട്ടേക്കുമെന്ന് അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടേഴ്സിന്റേയും സിബിഐയുടേയും അറിവോടെ അല്ലാതെ രാജ്യം വിടാന്‍ കാര്‍ത്തിക്ക് അനുവാദം നല്‍കരുതെന്ന് അന്വേഷണ ഏജന്‍സികള്‍ കോടതിയെ അറിയിച്ചു. ബിസിനസുകാരനും കോണ്‍ഗ്രസ് നേതാവുനമായ കാര്‍ത്തി ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പി.ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ, ഐഎൻഎക്സ് മീഡിയക്ക് വിദേശനിക്ഷേപം ലഭ്യമാക്കാൻ കാർത്തി ചിദംബരം അനധികൃത ഇടപെടൽ നടത്തിയെന്നാണ് കേസ്. ഇതില്‍ 3.5 കോടി രൂപ കാര്‍ത്തി നേടിയെന്നും അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിന് എതിരെയുള്ള നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ചിദംബരത്തിന്റെയും കാർത്തി ചിദംബരത്തിന്റെയും ചെന്നൈയിലെ വീടുകളിൽ സി.ബി.ഐ പരിശോധന നടത്തിയിരുന്നു. ജയിലില്‍ കഴിയുന്ന പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരാണ് അന്ന് ഐഎന്‍എക്സ് മീഡിയ നടത്തിയിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ