ന്യൂഡൽഹി: ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയും പ്രതികളിലൊരാളായ സന്ദീപും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിൽ വന്ന പ്രശ്നങ്ങളാണ് സംഭവത്തിനാസ്പദം എന്നും കുറ്റപത്രത്തിൽ സിബിഐ. പെൺകുട്ടിയും സന്ദീപും തമ്മിൽ കഴിഞ്ഞ മാർച്ച് വരെ ബന്ധം പുലർത്തിയിരുന്നു. പിന്നീട് ബന്ധത്തിൽ നിന്ന് പെൺകുട്ടി അകന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സിബിഐ കണ്ടെത്തൽ.
സെപ്റ്റംബർ 19 ന് മൊഴി രേഖപ്പെടുത്തിയപ്പോൾ പെൺകുട്ടി മൂന്ന് പേരുടെ പേര് നൽകിയിട്ടും പൊലീസ് ഒരാളുടെ പേര് മാത്രമാണ് പരാമർശിച്ചതെന്ന് കുറ്റപത്രത്തിൽ ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷമായ ആരോപണം സിബിഐ ഉന്നയിച്ചിട്ടുണ്ട്. “പീഡനത്തിനിരയായ പെൺകുട്ടി പീഡനത്തിനിരയായെന്ന് ആരോപിക്കപ്പെടുന്നുണ്ടെങ്കിലും ലൈംഗികാതിക്രം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായുള്ള വൈദ്യപരിശോധന നടത്തിയിട്ടില്ല,” എന്നും കുറ്റപത്രത്തിൽ പറയുന്നു.
സന്ദീപ് (20), സന്ദീപിന്റെ അമ്മാവൻ രവി (35) സുഹൃത്തുക്കളായ രാമു (26), ലവ് കുഷ് (23) എന്നിവർക്കെതിരെയാണ് ഐപിസി സെക്ഷൻ 376 (ബലാത്സംഗം), 376 (ഡി) (കൂട്ടബലാത്സംഗം), 302 (കൊലപാതകം), എസ്സി / എസ്ടി നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം ഹാഥ്റസിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
സെപ്റ്റംബർ 14 നാണ് കൗമാരക്കാരിയായ പെൺകുട്ടി നാലുപേരാൽ ആക്രമിക്കപ്പെട്ടത്. രണ്ടാഴ്ചയ്ക്ക് ശേഷം ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വച്ച് മരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം സെർവിക്കൽ നട്ടെല്ലിനേറ്റ പരുക്കാണെന്നാണ് പറയുന്നത്.
പെൺകുട്ടിയും സന്ദീപും അടുത്തടുത്തുള്ള വീടുകളിലായിരുന്നു താമസിച്ചിരുന്നതെന്നും ഇരുവരും തമ്മിലുണ്ടായിരുന്ന സൌഹൃദം ക്രമേണ പ്രണയമായി മാറുകയും ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വച്ച് ഇവർ കണ്ടുമുട്ടാറുണ്ടായിരുന്നു എന്നും കുറ്റപത്രത്തിൽ പറയുന്നു. ഈ വസ്തുതകൾ പ്രദേശ വാസികളും ശരിവയ്ക്കുന്നുണ്ട്.
സന്ദീപിന് മൂന്ന് ഫോൺ നമ്പറുകളുണ്ടെന്നും ഈ നമ്പരുകളിൽ നിന്നും പെൺകുട്ടിയുടെ വീട്ടിലെ ഫോണിലേക്ക് നിരവധി തവണ വിളിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ തങ്ങളാരും സന്ദീപിനോട് സംസാരിക്കുകയോ ഫോൺ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് മൊഴിയെടുക്കുമ്പോൾ പെൺകുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും പറഞ്ഞു.
“പെൺകുട്ടിയും സന്ദീപും തമ്മിൽ നടത്തിയ ഫോൺ വിളികളെ കുറിച്ച് പെൺകുട്ടിയുടെ കുടുംബാംഗം അറിഞ്ഞപ്പോൾ, സന്ദീപ്പിന്റെ കുടുംബവുമായി വീടിനു മുന്നിൽ തർക്കമുണ്ടായതായി അന്വേഷണത്തിൽ വ്യക്തമായി. ഈ സംഭവത്തിന് നിരവധി ഗ്രാമവാസികൾ സാക്ഷ്യം വഹിച്ചു.”
ഇവരുടെ ബന്ധത്തിന്റെ പേരിൽ സന്ദീപും പെൺകുട്ടിയുടെ സഹോദരനും തമ്മിൽ പല തവണ വാക്കുതർക്കം ഉണ്ടായിരുന്നു. കോൾ റെക്കോർഡുകൾ ഉൾപ്പെടെ പരിശോധിച്ചാണ് സിബിഐ കണ്ടെത്തൽ. വൈദ്യ പരിശോധന വൈകിയത് തെളിവുകൾ ശേഖരിക്കാൻ വെല്ലുവിളിയായെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. പെൺകുട്ടി അകന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സിബിഐ കണ്ടെത്തൽ.
Read More: ഹാഥ്റസ് പെൺകുട്ടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടിരുന്നു; കൊലപാതകക്കുറ്റം ചുമത്തി സിബിഐ