ന്യൂഡൽഹി: സിബിഐ ബിജെപിയുടെ ഏജൻസിയാണെന്ന ആക്ഷേപവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സിബിഐയെ ബിജെപി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്ന് വിളിച്ചാണ് മമത ബാനർജി ആക്ഷേപിച്ചത്. സിബിഐയിൽ ചൂട് പിടിക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മമത ബാനർജിയുടെ ആക്ഷേപം. സിബിഐ ഇപ്പോൾ ബിബിപിയായെന്നും ഇത് വളരെ ദൗർഭാഗ്യകരമാണെന്നും മമത ബാനർജി ട്വീറ്റ് ചെയ്തു.

സിബിഐ ഡയറക്ടർ അലോക് വർമ്മയും സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയും തമ്മിൽ ഉടലെടുത്ത തർക്കത്തെത്തുടർന്ന് ഇരുവരെയും കേന്ദ്ര സർക്കാർ തൽസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇത്തരം സംഭവങ്ങൾ സിബിഐയുടെ ചരിത്രത്തിൽ ആദ്യമാണ്. സിബിഐ സ്പെഷ്യൽ ഡയറക്ടറായ രാകേഷ് അസ്താനക്കെതിരെ അഴിമതിക്കും കൈകൂലിക്കും അലോക് വർമ്മ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ അസ്തായെ അറസ്റ്റ് ചെയ്യുന്നതിന് അലോക് വർമ്മ കേന്ദ്രാനുമതി തേടിയിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. പിന്നീട് അലോക് വർമ്മയെ തൽസ്ഥാനത്ത് നിന്നും നീക്കി ജോയിന്റ് ഡയറക്ടർ എം.നാഗേശ്വര റാവുവിനെ താൽകാലിക ഡയറക്ടറായി നിയമിച്ചു.

റഫേൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ കുറിച്ച് അലോക് വർമ്മ നടത്തിയ സത്യസന്ധമായ അന്വേഷണത്തെ തുടർന്നാണ് അദ്ദേഹത്തെ നീക്കിയതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook