ന്യൂഡല്‍ഹി: ‘ജോലിക്കു ഭൂമി’ കുംഭകോണവുമായി ബന്ധപ്പെട്ടു മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി ബി ഐക്കു കേന്ദ്രസര്‍ക്കാരിന്റെ അനുമതി. അനുമതി ഇന്ന് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രം പ്രത്യേക കോടതി പരിഗണിക്കുന്നതിനു പ്രോസിക്യൂട്ട് ചെയ്യാന്‍ ബന്ധപ്പെട്ട അധികാര കേന്ദ്രത്തില്‍നിന്നുള്ള അനുമതി ആവശ്യമാണ്.
ലാലുപ്രസാദ് യാദവിനും ഭാര്യ റാബ്റി ദേവിക്കും മറ്റു 14 പേര്‍ക്കുമെതിരെ ഒക്ടോബര്‍ ഏഴിനാണു സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. റെയില്‍വേയില്‍ നിയമനത്തിനു പകരമായി ലാലുവിന്റെ കുടുംബത്തിനു ഭൂമി സമ്മാനമായി നല്‍കുകയോ വില്ക്കുകയോ ചെയ്തുവെന്നാണു കുറ്റപത്ത്രിലെ ആരോപണം.
ലാലുവിന്റെ മകള്‍ മിസ ഭാരതി, സെന്‍ട്രല്‍ റെയില്‍വേ മുന്‍ ജനറല്‍ മാനേജര്‍ സൗമ്യ രാഘവന്, റെയില്‍വേ മുന്‍ ചീഫ് പഴ്സണല്‍ ഓഫിസര്‍ കമല്‍ദീപ് മെയിന്റായ്, പകരക്കാരായി നിയമനം ലഭിച്ച ഏഴു പേര്, മറ്റു നാല് വ്യക്തികള്‍ എന്നിവര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.
”സെന്‍ട്രല്‍ റെയില്‍വേയുടെ അന്നത്തെ ജി എം, സിപിഒ എന്നിവരുമായി ഗൂഢാലോചന നടത്തിയ പ്രതികള്‍ അവരുടെ പേരിലോ അടുത്ത ബന്ധുക്കളുടെ പേരിലോ ലഭിച്ച ഭൂമിക്കു പകരമായി വ്യക്തികളെ ജോലിക്കു നിയമിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി,” സി ബി ഐ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.