ന്യൂഡല്‍ഹി: എന്‍ഡിടിവി പ്രെമോട്ടര്‍മാരായ പ്രണോയ് റോയ്, രാധിക റോയ്, മുന്‍ സിഇഒ വിക്രമാദിത്യ ചന്ദ്രയടക്കമുള്ളവര്‍ക്കെതിരെ സിബിഐ കേസെടുത്തു. നേരിട്ടുള്ള വിദേശ നിക്ഷേപ ചട്ടങ്ങള്‍ ലംഘിച്ചെന്നാണ് കേസ്. അഴിമതി തടയല്‍ നിയമം അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2004 മുതല്‍ 2010 വരെ നികുതി ഇളവുള്ള രാജ്യങ്ങളില്‍ 32 കമ്പനികള്‍ എന്‍ഡിടിവി സ്ഥാപിച്ചെന്നും ഇവയ്ക്ക് യാതൊരു ബിസിനസുമുണ്ടായിരുന്നില്ലെന്നും വിദേശത്തു നിന്നും പണം എത്തിക്കാനായി മാത്രം രൂപീകരിച്ചതായിരുന്നു ഈ കമ്പനികളെന്നുമാണ് കേസ്. ഹോളണ്ട്, യുകെ, ദുബായ്, മലേഷ്യ, മൗറീഷ്യസ് തുടങ്ങിയിടങ്ങളിലാണ് കമ്പനികളെന്നും എഫ്‌ഐആറില്‍ പറയുന്നു.

അതേസമയം, പ്രസ്താവനയിലൂടെ കേസിനെതിരെ എന്‍ഡിടിവി രംഗത്തെത്തി. കെട്ടിച്ചമച്ച കേസാണെന്നും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെ നിശബ്ദമാക്കുകയാണ് ലക്ഷ്യമെന്നുമായിരുന്നു എന്‍ഡിടിവിയുടെ പ്രതികരണം. എന്‍ഡിടിവിക്കെതിരെ വേറെയും കേസുകളുണ്ടെങ്കിലും ഒന്നിനും തെളിവ് കണ്ടെത്താനായിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ 2017 ല്‍ സ്വകാര്യ ബാങ്കിന് വന്‍ നഷ്ടം വരുത്തിയെന്ന് ആരോപിച്ച് സിബിഐ പ്രണോയ് റോയ്ക്കും രാധിക റോയ്ക്കുമെതിരെ കേസെടുത്തിരുന്നു. 2008ല്‍ ഐസിഐസിഐ ബാങ്കില്‍ നിന്നുമെടുത്ത 48 കോടി രൂപയുടെ വായ്പയായിരുന്നു കേസിന് ആധാരം. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു. ജൂണില്‍ പ്രണോയ്ക്കും രാധികക്കും സെബി വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook