ന്യൂഡല്‍ഹി: ഇസ്രത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്തിലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ ഡി.ജി.വന്‍സാര, എന്‍.കെ.അമിന്‍ എന്നിവരെ വെറുതെ വിട്ടു. ഇവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കോടതി റദ്ദാക്കിയിട്ടുണ്ട്. സ്പെഷ്യല്‍ സിബിഐ കോടതിയുടെതാണ് നടപടി. തങ്ങള്‍ക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വന്‍സാരയും അമിനും ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതിയുടെ നടപടി. കേസുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരായ എല്ലാ ശിക്ഷാ നടപടികളും നിര്‍ത്തിവയ്ക്കാനും കോടതി ഉത്തരവിട്ടു. മാര്‍ച്ച് 26 നാണ് ഇരുവരും ഹര്‍ജി സമര്‍പ്പിച്ചത്.
Read More: ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കൊലക്കേസ്: പൊലീസ് ഉദ്യോഗസ്ഥരുടെ അപേക്ഷ സിബിഐ കോടതി തളളി
ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഗുജറാത്ത് സര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍, ഗുജറാത്ത് സര്‍ക്കാര്‍ ഇതിനുള്ള അനുമതി നല്‍കിയില്ല. ക്രിമിനല്‍ ചട്ടപ്രകാരം സെക്ഷന്‍ 197 നെ അടിസ്ഥാനപ്പെടുത്തിയാണ് ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.
#BREAKING Special CBI court accepts discharge application filed by retired IPS officers DG Vanzara and NK Amin in the Ishrat Jahan encounter case@IndianExpress
— Sohini Ghosh (@thanda_ghosh) May 2, 2019
ഏറ്റുമുട്ടല്‍ കൃത്യനിര്വഹണത്തിന്റെ ഭാഗമായിരുന്നു എന്ന് വന്‍സാരയും അമിനും കോടതിയില്‍ അവകാശപ്പെട്ടു. എന്നാല്‍, വൻസാരയെയും അമിനേയും കുറ്റ വിമുക്തരാക്കുന്നത് നീതിക്ക് നിരക്കാത്തതും വസ്തുതകളെ വളച്ചൊടിക്കലുമാണെന്ന് ഇസ്രത് ജഹാൻെറ മാതാവ് ശമീമ കൗസർ കോടതിയിൽ വാദിച്ചു. ഈ വാദം കോടതി അംഗീകരിച്ചില്ല.
Read More: മോദിയെ കൊല്ലാന്‍ വന്നെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലില്‍
2004 ലാണ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം നടക്കുന്നത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ വന്ന തീവ്രവാദ സംഘത്തില്‍ പെട്ടവരാണെന്ന് ആരോപിച്ച് 19 കാരിയായ ഇസ്രത് ജഹാന്, പ്രാണേഷ് പിള്ളൈ, അംജദലി അക്ബറലി റാണ, സീഷാന്‍ ജോഹര്‍ എന്നിവരെ ജൂണ്‍ 15 ന് അഹമ്മദാബാദില്‍ വച്ച് പൊലീസ് സംഘം വെടിവച്ച് കൊല്ലുകയായിരുന്നു. വന്‍സാരയുടെ നേതൃത്വത്തിലുള്ള ഡിറ്റക്ടീവ് ക്രൈം ബ്രാഞ്ചാണ് ഇവരെ വെടിവച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട നാല് പേരും ലഷ്കര്‍ ഇ തായ്ബെ അംഗങ്ങളാണെന്നും അവര്‍ മോദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും പിന്നീട് ക്രൈം ബ്രാഞ്ച് അവകാശപ്പെടുകയുണ്ടായി.