റാഞ്ചി: കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാം കേസിലും രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ഡൊറണ്ട ട്രഷറിയിൽ നിന്ന് അനധികൃതമായി പണം പിൻവലിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. ശിക്ഷ സംബന്ധിച്ചുള്ള വിധി കോടതി വെള്ളിയാഴ്ച പ്രഖ്യാപിക്കും.
ലാലു പ്രസാദിന് പുറമെ 74 പേരും കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 1995-1996 കാലത്ത് റാഞ്ചിയിലെ ഡൊറണ്ട ട്രഷറിയിൽ നിന്ന് 139.35 കോടി രൂപ പിൻവലിച്ചതുമായി ബന്ധപ്പെട്ട കേസിലെ 24 പ്രതികളെ പ്രത്യേക ജഡ്ജി എസ്. കെ. ശശി വെറുതെ വിട്ടു.
2005 സെപ്തംബർ 26 നാണ് പ്രതികൾക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. 2019 മെയ് 16 ന് പ്രോസിക്യൂഷൻ തെളിവെടുപ്പ് അവസാനിപ്പിച്ചു. പ്രതികളുടെ മൊഴി 2020 ജനുവരി 16 ന് രേഖപ്പെടുത്തിയതായും കോടതി രേഖകളില്‍ പറയുന്നു.
നേരത്തെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാല് കേസുകളിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നിലവില്‍ ലാലു പ്രസാദ് ജാമ്യത്തിലാണ്. ബങ്ക ഭാഗല്പൂര് ട്രെഷറിയില്‍ നിന്ന് പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഒരു കേസുകൂടി സിബിഐയ്ക്ക് മുന്നിലുണ്ട്.
കേസിലെ 13 പ്രതികളുടെ അഭിഭാഷകനായ സഞ്ജയ് കുമാറാണ് വിധിയുടെ വിശദാംശങ്ങള്‍ അറിയിച്ചത്. “ലാലു പ്രസാദ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. 99 പ്രതികളിൽ 24 പേരെ വെറുതെവിട്ടു. 75 പേരിൽ 34 പ്രതികൾക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ലാലു പ്രസാദ് ഉള്‍പ്പെടെയുള്ളവരുടെ ശിക്ഷാവിധി വെള്ളിയാഴ്ചയാണ്,” സഞ്ജയ് കുമാര്‍ പറഞ്ഞു.
2013 ലാണ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷയായിരുന്നു വിധിച്ചത്. 11 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും ലാലു പ്രസാദിന് വിലക്ക് ലഭിച്ചു.
പിന്നീട് ലാലു പ്രസാദ് യാദവിന് കേസിൽ ജാമ്യം ലഭിച്ചു. രണ്ടാമത്തെ കേസിൽ 2017 ഡിസംബറിലാണ് ലാലുവിന് പ്രത്യേക സിബിഐ കോടതി മൂന്നര വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. 2018 ജനുവരിയില്‍ ചൈബാസ ട്രഷറിയിൽ നിന്ന് പണം പിൻവലിച്ചതുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി. അഞ്ച് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു.
Also Read: അനിശ്ചിതത്വം തുടരുന്നു; പൗരന്മാര് താത്കാലികമായി യുക്രൈന് വിടണമെന്ന് ഇന്ത്യന്‍ എംബസി