ന്യൂഡല്‍ഹി: സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് ഋഷികുമാര്‍ ശുക്ലയെ നിയമിക്കാനുളള തീരുമാനത്തിനെതിരെ ശക്തമായ വിയോജന കുറിപ്പുമായി കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ. സിബിഐ മേധാവിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഉന്നതാധികാര സമിതി അംഗമായ ഖാര്‍ഗെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിയോജന കുറിപ്പയച്ചു.

സിബിഐ മേധവിയായി തിരഞ്ഞെടുക്കപ്പെട്ട ഋഷികുമാര്‍ ശുക്ലയ്ക്ക് അഴിമതി വിരുദ്ധ അന്വേഷണങ്ങളില്‍ പരിചയക്കുറവുണ്ടെന്ന് ഖാർഗെ പ്രധാനമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. 1983 ബാച്ച് മധ്യപ്രദേശ് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ഋഷികുമാര്‍ ശുക്ലയെ ഇന്ന് ചേർന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് സിബിഐ മേധാവിയായി തിരഞ്ഞെടുത്തത്.

ഋഷികുമാര്‍ ശുക്ലയെ സിബിഐ മേധാവിയായി നിയമിച്ച് കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയം ഉത്തരവിറക്കി. രണ്ടുവര്‍ഷമാണ് ഇദ്ദേഹത്തിന്റെ കാലാവധി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മല്ലികാര്‍ജുന ഖാര്‍ഗെ എന്നിവരാണ് ഉന്നതാധികാര സമിതി അംഗങ്ങള്‍. സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമ്മയെ ഒഴിവാക്കിയതിന് ശേഷം സിബിഐ ഡയറക്ടർ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.

എന്നാൽ ഖാർഗെയ്ക്ക് സിബിഐ ഡയറക്ടർ തിരഞ്ഞെടുപ്പിന്റെ നിബന്ധനകൾ അട്ടിമറിക്കാനാണ് താത്പര്യം എന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് കുറ്റപ്പെടുത്തി. അലോക് വർമ്മയെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കാനുളള തീരുമാനം എടുത്ത യോഗത്തിലും ഖാർഗെ മാത്രമാണ് വിയോജിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook