ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു വരുത്തി വിശദീകരണം തേടിയതിന് പിന്നാലെ സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരെ നടപടിക്കൊരുങ്ങി സിബിഐ മേധാവി അലോക് വർമ. അസ്താനയെ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി സിബിഐ മേധാവി ഇതിനകം തന്നെ കത്തയച്ചതായി എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു. മനോവീര്യം കെടുത്തുന്ന സമീപനമാണ് അസ്താന സ്വീകരിക്കുന്നതെന്നു കത്തിൽ ആരോപണം ഉന്നയിക്കുന്നു. എന്നാൽ കത്തയച്ച കാര്യത്തിൽ സിബിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സിബിഐ തലപ്പത്തെ ശീതയുദ്ധം അവസാനിപ്പിക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു. രണ്ട് ഉദ്യോഗസ്ഥരോടും പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം തേടിയിട്ടുണ്ട്. ഇതു പ്രകാരം സിബിഐ മേധാവി ഞായറാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ടു. അലോക് വർമയ്ക്കെതിരെ നിരവധി ആരോപണങ്ങളുന്നയിച്ച് സർക്കാരിന് അസ്താന കത്തയച്ചിരുന്നു. അസ്താനയ്ക്കെതിരെ സിബിഐ കൈക്കൂലി കേസെടുക്കുകയും ചെയ്തു.
Read More : How to read the ‘war’ in CBI
ഹൈദരാബാദിലെ ബിസിനസുകാരനായ സതീഷ് സനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാകേഷ് അസ്താനയ്ക്കെതിരെ സിബിഐ കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അസ്താനയുടെ കൂടെയുള്ള ദേവേന്ദര്‍ കുമാര്‍ എന്ന ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. അതേസമയം അസ്താന അലോക് വര്‍മയ്ക്കെതിരെ സര്‍ക്കാരിനു പരാതി നല്‍കിയിരുന്നു. അസ്താനയ്ക്കെതിരെ ആറു കേസുകളില്‍ അന്വേഷണം നടക്കുന്നതായി സിബിഐ പ്രഖ്യാപിച്ചിരുന്നു.