ന്യൂഡൽഹി: സിബിഐ അഴിമതി കേസിൽ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയെ ഈ മാസം 29 വരെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. തനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനെ എതിർത്ത് രാകേഷ് അസ്താനയാണ് കോടതിയെ സമീപിച്ചത്.

കയറ്റുമതി വ്യാപാരിയായ മൊയിൻ ഖുറേഷിക്കെതിരായ ഹവാല പണമിടപാട് കേസ് കൈക്കൂലി വാങ്ങി അസ്താന ഒതുക്കിതീർക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. അസ്താനയെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനാണ് വിധിച്ചത്.

കേസ് കെട്ടിച്ചമയ്ക്കപ്പെട്ടതാണെന്ന് അസ്താനയുടെ അഭിഭാഷകൻ വാദിച്ചു.  പ്രതിയുടെ മൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ് സിബിഐ യുടെ സ്പെഷൽ ഡയറക്ടറായ രാകേഷ് അസ്താനയെ പ്രതിചേർത്തിരിക്കുന്നതെന്നും ഇത് നിയമവിരുദ്ധമാണെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

“ഈ ഹർജിക്ക് അടിയന്തിര പ്രാധാന്യമുണ്ട്. രാകേഷ് അസ്താന അറസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ച വ്യക്തിയാണ് അദ്ദേഹം കൈക്കൂലി വാങ്ങിയെന്ന് മൊഴി നൽകിയത്. ഇതിനെ അടിസ്ഥാനമാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.  സിബിഐ സ്പെഷൽ ഡയറക്ടർക്ക് എതിരെ മുൻകൂർ അനുമതി നേടാതെയുളള ഏത് അന്വേഷണവും നിയമവിരുദ്ധമാണ്,” അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

എന്നാൽ രാകേഷ് അസ്താനയ്ക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് എതിർഭാഗം അഭിഭാഷകൻ പറഞ്ഞു. ക്രിമിനൽ ഗൂഢാലോചന, അഴിമതി, വ്യാജരേഖ ചമയ്ക്കൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയതായി സിബിഐ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

എന്നാൽ അസ്താനയുടെ വാദങ്ങൾക്ക് സിബിഐ വ്യക്തമായ മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. ഒക്ടോബർ 29 ന് സിബിഐ ഈ മറുപടി നൽകണം. അതുവരെ അസ്താനയെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്നും കോടതി ഉത്തരവിട്ടു.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ