ന്യൂഡല്‍ഹി: ആദായനികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ 18 നാവികസേനാംഗങ്ങള്‍ ഉള്‍പ്പെടെ 31 പേര്‍ക്കെതിരെ കേസെടുത്ത് സി ബി ഐ. ഫോറം 16ല്‍ ഉള്‍പ്പെടുത്താത്ത വിവിധ കിഴിവുകളുടെ തെറ്റായ ക്ലെയിം ഉന്നയിച്ച് 44 ലക്ഷത്തിലധികം രൂപയുടെ ആദായനികുതി റീഫണ്ട് ക്ലെയിം ചെയ്തുവെന്നാണു കേസ്.
51 പേര്‍ തെറ്റായ ക്ലെയിം ഉന്നയിച്ചുവെന്ന സംസ്ഥാനത്തെ പ്രിന്‍സിപ്പല്‍ ചീഫ് ഇന്‍കം ടാക്‌സ് കമ്മിഷണറുടെ പരാതിയിലാണു സി ബി ഐ നടപടി.
നാവികസേനയിലെയും പൊലീസിലെയും ഉദ്യോഗസ്ഥര്‍, ഒരു പ്രമുഖ ഐടി കമ്പനിയിലെയും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയിലെയും എക്സിക്യൂട്ടീവുകള്‍ എന്നിവര്‍ക്കെതിരെയാണു കേസെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വ്യാജ ക്ലെയിം ഉന്നയിക്കാന്‍ ഏജന്റുമാരുടെ സേവനം ഉപയോഗിച്ചതായാണ് ആരോപണം. ആദായനികുതി റീഫണ്ടിന്റെ 10 ശതമാനം ഫീസായി ഏജന്റുമാര്‍ ഈടാക്കുന്നതായി സി ബി ഐ ആരോപിച്ചു.
”തെറ്റായ അവകാശവാദം ഉന്നയിക്കുകയും ആദായനികുതി റീഫണ്ട് കൈപ്പറ്റുകയും ചെയ്ത ഈ 51 മൂല്യനിര്‍ണയക്കാരില്‍ 20 പേര്‍ റീഫണ്ട് ചെയ്ത തുകയായ 24.62 ലക്ഷം രൂപ ആദായനികുതി വകുപ്പ് നോട്ടിസ് നല്‍കിയതിനെത്തുടര്‍ന്ന് തിരിച്ചടച്ചു,”എഫ് ഐ ആറില്‍ പറയുന്നു.
മറ്റു 31 പേര്‍ റീഫണ്ട് തുകയായ 44.07 ലക്ഷം രൂപ ആദായനികുതി വകുപ്പിന് തിരികെ നല്‍കിയിട്ടില്ലെന്ന് സി ബി ഐ കുറ്റപത്രത്തില്‍ പറയുന്നു.