ന്യൂഡല്‍ഹി: ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതിക്കേസിൽ കേസെടുത്ത് സെന്‍ട്രല്‍ ബ്യൂറൊ ഓഫ് ഇൻവെസ്റ്റിഗേഷന്‍ (സിബിഐ). ലാലു പ്രസാദ് യാദവുമായി ബന്ധമുള്ളവരുടെയടക്കം 17 ഇടങ്ങളില്‍ ഒരേ സമയം പരിശോധന നടക്കുകയാണ്.
യുപിഎ സർക്കാരിന്റെ കാലത്ത് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ ജോലി നല്‍കുന്നതിനായി ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഭൂമി കൈക്കൂലിയായി സ്വീകരിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസ്.
കാലിത്തീറ്റ കുംഭകോണ കേസിൽ ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ച് ആഴ്ചകൾക്ക് ശേഷമാണ് പുതിയ കേസുമായി ബന്ധപ്പെട്ടുള്ള നടപടി. കാലിത്തീറ്റ കുംഭകോണത്തില്‍ നാല് കേസുകളില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ് ഒന്നിൽ വിചാരണ നേരിടുകയാണ്.
റെയിൽവേ മന്ത്രിയായിരിക്കെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് മറ്റൊരു അഴിമതിക്കേസിലും ലാലു പ്രസാദ് യാദവും കുടുംബാംഗങ്ങളും വിചാരണ നേരിടുന്നുണ്ട്. കേസുബായി ബന്ധപ്പെട്ട് അദ്ദേഹത്തിന് പുറമെ ഭാര്യ റാബ്രി, മകൻ തേജസ്വി എന്നിവർക്കെതിരെ 2018 ലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
Also Read: സംസ്ഥാനത്ത് ഇന്നും മഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്