/indian-express-malayalam/media/media_files/uploads/2022/08/P1-Sisodia-3col.jpg)
ന്യൂഡല്‍ഹി: ആംആദ്മി സര്‍ക്കാരിന്റെ മദ്യനയത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ നടപടികളിലേക്ക് കടന്ന് സിബിഐ. അന്വേഷണസംഘം ഉദ്യോഗസ്ഥരേയും മറ്റും ചോദ്യം ചെയ്യുന്നത് ആരംഭിച്ചു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയുടെ വസതിയില്‍ ഉള്‍പ്പടെ 31 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ചോദ്യം ചെയ്യല്‍.
ചോദ്യംചെയ്യലിന് വിധേയമായവര്‍ സിബിഐയുടെ എഫ്‌ഐആറിൽ ഉള്‍പ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥരാണോ എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല. 15 പേരുകളാണ് എഫ്ഐആറില്‍ ഉള്ളത്, മനീഷ് സിസോദിയയെ മുഖ്യപ്രതിയാക്കിയാണ് റിപ്പോര്‍ട്ട്.
അന്വേഷണം ആദ്യ ഘട്ടത്തിലാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
ഡൽഹി മുൻ എക്‌സൈസ് കമ്മീഷണർ അരവ ഗോപി കൃഷ്ണ, മുൻ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ആനന്ദ് തിവാരി എന്നിവരുമായി ബന്ധമുള്ളവരുടെ സ്ഥലങ്ങളിലായിരുന്നു സിബിഐ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
2021-22 വർഷത്തിലെ ഡൽഹിയിലെ ജിഎൻസിടിഡിയുടെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലുമുള്ള ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയം ഡയറക്ടർ പ്രവീൺ കുമാർ റായ് നിർദ്ദേശം നൽകിയതായാണ് എഫ്‌ഐആറിൽ പറയുന്നത്.
എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാർ സക്‌സേനയുടെ കത്തും അദ്ദേഹം കൈമാറിയിട്ടുണ്ട്. മനീഷ് സിസോദിയ, അരവ ഗോപി കൃഷ്ണ (അന്നത്തെ എക്സൈസ് കമ്മീഷണർ), ആനന്ദ് തിവാരി (അന്നത്തെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ), പങ്കജ് ഭത്നഗര്‍ (എക്സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍) എന്നിവര്‍ 2021-22 വർഷത്തേക്കുള്ള മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ശുപാർശ ചെയ്യുന്നതിലും എടുക്കുന്നതിലും പ്രധാന പങ്കുവഹിച്ചതായും എഫ്ഐആറില്‍ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.