ന്യൂഡല്‍ഹി: 11,400 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ധീരുബായ് അംബാനിയുടെ സഹോദരപുത്രന്‍ വിപുല്‍ അംബാനിയെ സിബിഐ അറസ്റ്റ് ചെയ്തു. തട്ടിപ്പ് നടത്തി കോടികളുമായി മുങ്ങിയ നീരവ് മോദിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കൂടിയാണ് വിപുല്‍ അംബാനി. മറ്റ് നാല് സീനിയര്‍ എക്സിക്യൂട്ടിവുകളേയും സിബിഐ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം വിപുല്‍ അംബാനിയെ മുംബൈ ഓഫീസിലേക്ക് വിളിച്ചുവരുത്തി സിബിഐ ചോദ്യം ചെയ്തിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ട രേഖകള്‍ വിശദമായി പരിശോധിച്ച സിബിഐ വിപുലിനെ രണ്ടുമണിക്കൂറാണ് ചോദ്യംചെയ്തത്.

പിഎന്‍ബി തട്ടിപ്പ് കേസില്‍ കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി വ്യക്തമാക്കിയിട്ടുണ്ട്. ഓഡിറ്റര്‍മാരുടേയും ബാങ്കിന്‍റേയും വീഴ്ച്ചയാണ് തട്ടിപ്പിന് കാരണമെന്നും ജെയ്റ്റ്‍ലി പറഞ്ഞു.

പിഎന്‍ബി തട്ടിപ്പ് കേസില്‍ ആദ്യമായി പ്രതികരിച്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി ബാങ്കിന്‍റെ ഓഡിറ്റര്‍മാരെ കുറ്റപ്പെടുത്തി. തട്ടിപ്പ് നടക്കുന്പോള്‍ ഓഡിറ്റര്‍മാര്‍ എന്തുചെയ്യുകയായിരുന്നുവെന്ന് ജെയ്റ്റ്‍ലി ചോദിച്ചു. നികുതിദായകര്‍ക്കാണ് തട്ടിപ്പില്‍ നഷ്ടമുണ്ടായതെന്നും മന്ത്രി പറഞ്ഞു.

ബാങ്ക് തട്ടിപ്പ് കേസില്‍ ഉന്നത ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. അതിനിടെ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‍വിയുടെ ഭാര്യ അനിതക്ക്, നീരവിന്‍റെ സ്ഥാപനത്തില്‍ നിന്ന് വന്‍ തോതില്‍ പണം നല്‍കി വജ്രാഭരണം വാങ്ങിയത് സംബന്ധിച്ച് വിശദീകരണം തേടി ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് കാണിച്ച് നീരവ് മോദി ബാങ്കിനും കത്തയച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ