ന്യൂഡൽഹി: വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ധൂത് അറസ്റ്റിൽ. ഐസിസിഐ ബാങ്ക് തട്ടിപ്പ് കേസിലാണ് മുംബൈയിൽനിന്നും ധൂതിനെ സിബിഐ അറസ്റ്റ് ചെയ്തത്. ചന്ദ കൊച്ചാർ ഐസിസിഐ മേധാവിയായിരിക്കെ വീഡിയോകോണിന് അനധികൃതമായി 3250 കോടി രൂപ വായ്പ അനുവദിച്ചെന്നാണ് കേസ്.
ഐസിഐസിഐ ബാങ്കിൽ നിന്ന് 1,730 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് 2019ൽ കൊച്ചാർ, ധൂത്, ന്യൂപവർ റിന്യൂവബിൾസ്, വീഡിയോകോൺ ഇൻഡസ്ട്രീസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കെതിരെ സിബിഐ എഫ്ഐആർ ഫയൽ ചെയ്തു. സുപ്രീം എനർജി പ്രൈവറ്റ് ലിമിറ്റഡ്, വീഡിയോകോൺ ഇന്റർനാഷണൽ ഇലക്ട്രോണിക്സ് ലിമിറ്റഡ് (VIEL) എന്നിവരെയും സിബിഐ എഫ്ഐആറിൽ പ്രതി ചേർത്തിട്ടുണ്ട്.
ഐസിഐസിഐ ബാങ്കിനെ കബളിപ്പിച്ച് മറ്റ് പ്രതികളുമായി ക്രിമിനൽ ഗൂഢാലോചന നടത്തിയാണ് പ്രതികൾ (ചന്ദ കൊച്ചാർ) സ്വകാര്യ കമ്പനികൾക്ക് ചില വായ്പകൾ അനുവദിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും അഴിമതി നിരോധന നിയമത്തിലെയും വകുപ്പുകൾ പ്രകാരമാണ് സിബിഐ കേസെടുത്തിട്ടുള്ളത്.
2009 ഓഗസ്റ്റ് 26 ന് ചന്ദ കൊച്ചാർ ഉൾപ്പെട്ട ഐസിഐസിഐ ബാങ്കിന്റെ സാങ്ഷനിങ് കമ്മിറ്റി അനധികൃതമായി വീഡിയോകോണിന് 300 കോടി രൂപ വായ്പ അനുവദിച്ചതായി സിബിഐ പറയുന്നു. 2009 ജൂണിനും 2011 ഒക്ടോബറിനും ഇടയിൽ വീഡിയോകോൺ ഗ്രൂപ്പിന്റെ അഞ്ച് കമ്പനികൾക്ക് അനധികൃതമായി വായ്പ അനുവദിച്ചതായി സിബിഐ പറഞ്ഞു. 3250 കോടിയുടെ വായ്പയിൽ 86 ശതമാനവും (2810 കോടി) തിരിച്ചടച്ചിട്ടില്ല. 2017-ൽ വീഡിയോകോൺ അക്കൗണ്ട് നിഷ്ക്രിയ ആസ്തിയായി (എൻപിഎ) പ്രഖ്യാപിച്ചിരുന്നു.
2012 മാർച്ച് വരെ 1,730 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഐസിഐസിഐ ബാങ്ക് മുൻ എംഡിയും സിഇഒയുമായ ചന്ദാ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും വെള്ളിയാഴ്ച സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഐസിഐസിഐ വീഡിയോകോൺ തട്ടിപ്പ് കേസിലാണ് സിബിഐ ഇരുവരെയും അറസ്റ്റ് ചെയ്തത്. 2018 മാര്‍ച്ചിലാണ് ചന്ദയ്ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നത്. അതേ വര്‍ഷം ഒക്ടോബറില്‍ അവര്‍ ഐസിഐസിഐ ബാങ്ക് മേധാവി സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു.