ന്യൂഡൽഹി: ആഭ്യന്തര മന്ത്രാലയത്തിലെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്സിആർഎ) ഡിവിഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ 14 പേരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ബുധനാഴ്ച അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ (എംഎച്ച്എ) ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം നിരവധി എൻജിഒകൾക്ക് അനുമതി നൽകിയതിൽ ആഭ്യന്തര മന്ത്രാലയത്തിനകത്ത് അഴിമതി ആരോപിച്ച് സി.ബി.ഐ രാജ്യവ്യാപകമായി നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ്.
ചൊവ്വാഴ്ച, ഡൽഹി, രാജസ്ഥാൻ, ചെന്നൈ, ഹൈദരാബാദ്, കോയമ്പത്തൂർ, മൈസൂരു എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള 40 സ്ഥലങ്ങളിൽ സി.ബി.ഐ തിരച്ചിൽ നടത്തി. “എഫ്സിആർഎ വകുപ്പിലെ എൻജിഒ പ്രതിനിധികൾ, ഇടനിലക്കാർ, ഉദ്യോഗസ്ഥർ എന്നിവരെ എഫ്സിആർഎ വ്യവസ്ഥകൾ ലംഘിച്ചതിന് പിടികൂടാനായിരുന്നു തിരച്ചിൽ. കൈക്കൂലിക്ക് പകരം നിയമവിരുദ്ധമായി അനുമതി നൽകിയതിനെതിരെയായിരുന്നു അന്വേഷണം,” സിബിഐ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിലെ എഫ്സിആർഎ വകുപ്പ് മന്ത്രാലയത്തിന്റെ ഫോറിനേഴ്സ് ഡിവിഷന്റെ ഭാഗമാണ്. കൂടാതെ എഫ്സിആർഎയ്ക്ക് കീഴിലുള്ള എൻജിഒകൾക്ക് വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കുന്നതിന് അനുമതി നൽകുന്നതിനുള്ള ഉത്തരവാദിത്തം ഈ വകുപ്പിനാണ്. നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാൽ രജിസ്ട്രേഷൻ റദ്ദാക്കുന്നതും ഈ വിഭാഗമാണ്.
എഫ്സിആർഎയുടെ വ്യവസ്ഥകൾ ലംഘിച്ചെന്ന പേരിൽ അന്താരാഷ്ട്ര എൻജിഒ ആയ കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവിന്റെയും (സിഎച്ച്ആർഐ) ക്രിസ്ത്യൻ സുവിശേഷീകരണത്തിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് ചില എൻജിഒകളുടെയും എഫ്സിആർഎ രജിസ്ട്രേഷൻ കഴിഞ്ഞ മാസം ഡിവിഷൻ റദ്ദാക്കിയിരുന്നു.