ന്യൂഡൽഹി: യെസ് ബാങ്കുമായി ബന്ധപ്പെട്ട കോടികളുടെ അഴിമതി കേസിൽ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ ഡിഎച്ച്എഫ്എൽ (ദിവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡ്) പ്രമോട്ടർമാർ അറസ്റ്റിൽ. കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയാണ് കപിൽ വാധവാനെയും ധീരജ് വാധവാനെയും അറസ്റ്റ് ചെയ്തത്. ലോക്ക്ഡൗൺ ലംഘിച്ച് പൂനെയിൽ നിന്ന് മഹാബലേശ്വറിലെത്തിയ വാധവാൻ കുടുംബത്തിലെ പത്ത് അംഗങ്ങളടക്കം 23 പേർ ഹോം ക്വറന്റൈനിലാണ്. അവിടെ നിന്നുമാണ് വാധവാൻ സഹോദരന്മാരെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
“മഹാരാഷ്ട്രയിലെ മഹാബലേശ്വറിൽ നിന്ന് കപിൽ വാധവൻ, ധീരജ് വാധവൻ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. സതാരയിലെ ജില്ലാ അധികാരികളുടെ സഹകരണത്തോടെയാണ് സിബിഐ പ്രത്യേക കോടതിയുടെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് പ്രകാരം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് പ്രതികളെയും മുംബൈയിലെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കും,” സിബിഐ പ്രസ്താവനയിൽ വ്യക്തമാക്കി.
മാർച്ച് ഏഴിനാണ് വാധവാൻ സഹോദരന്മാരെ പ്രതിചേർത്ത് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. യെസ് ബാങ്ക് മാനേജിങ് ഡയറക്ടറായിരുന്ന റാണ കപൂറുമായി ചേർന്ന് കോടികളുടെ അഴിമതി നടത്തിയതായാണ് കേസ്. അന്വേഷണത്തിന്റെ തുടക്കം മുതൽ കപിലും ധീരാജും ഒളിവിലാണെന്ന് സിബിഐ പറയുന്നു. മാർച്ച് ഒമ്പതിന് പ്രതികളുടെ വീടുകളിൽ ഉൾപ്പടെ റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഇതിന് പിന്നാലെ സിബിഐ അവർക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും പ്രതികൾ സ്വീകരിച്ചിരുന്നില്ല. ഇതേത്തുടർന്ന് മാർച്ച് 17 ന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. യെസ് ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്.
Also Read: കോവിഡ്-19: മേയ് മൂന്നിന് ശേഷവും ലോക്ക്ഡൗണ് നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾ
രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ലംഘിച്ച് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അമിതഭ് ഗുപ്തയുടെ കത്തിന്റെ സഹായത്തോടെയാണ് വാധവാൻ കുടുംബം മുംബൈയിൽ നിന്ന് മഹാബലേശ്വറിലെത്തിയത്. എന്നാൽ പാഞ്ചഗാനിയിൽ വച്ച് ഇവരെ തടയുകയായിരുന്നു. വാധവാൻ തന്റെ കുടുംബസുഹൃത്താണെന്നും അത്യവശ്യക്കാര്യത്തിനായാണ് പോകുന്നതെന്നുമായിരുന്നു അമിതഭ് ഗുപ്ത കത്തിൽ പറഞ്ഞത്.
സംഭവത്തിൽ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അമിതഭ് ഗുപ്തയോട് നിർബന്ധിത ലീവിൽ പ്രവേശിക്കാനും നിർദേശിച്ചിട്ടുണ്ട്.
Also Read: കോളേജുകളിൽ ഓൺലൈൻ പരീക്ഷ: നിർദേശിക്കുന്നത് മൂന്നു വഴികൾ, എല്ലാം ക്യാമറയ്ക്ക് മുന്നിൽ
2011 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ 12,773 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഒരു ലക്ഷം വ്യാജ ബാങ്ക് അക്കൗണ്ടുകളിലേക്ക് വായ്പയായി പണം മാറ്റിയായിരുന്നു തട്ടിപ്പ്. എന്നാൽ 12,773 കോടി രൂപ എത്തിയത് ഡിഎച്ച്എഫ്എല്ലുമായി ബന്ധമുള്ള 79 കമ്പനികളിലേക്കാണെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.