ന്യൂൽഹി: അഴിമതി കേസിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടർ ഉൾപ്പടെ ആറ് പേരെ സിബിഐ അറസ്റ്റ് ചെയ്തു. സായി ഡയറക്ടർ എസ് കെ ശർമ അടക്കം നാല് ഉദ്യോഗസ്ഥരും രണ്ട് സ്വകാര്യ വ്യക്തികളുമാണ് അറസ്റ്റിലായത്.
സ്പോര്‍ടസ് അതോറിറ്റിയിലെ ഗതാഗത വിഭാഗത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് കേസ്. ഇന്ന് രാവിലെ മുതൽ സായിയിൽ സിബിഐ സംഘം റെയ്‌ഡ് നടത്തുകയായിരുന്നു.
സായിയിലെ നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട കരാറുകൾ ലഭിക്കാൻ ഉദ്യോഗസ്ഥർ വലിയ തോതിൽ കൈക്കൂലി വാങ്ങുന്നതായി സിബിഐക്ക് പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധന നടത്തിയത്.
ജൂനിയർ അക്കൗണ്ട്സ് ഓഫീസർ ഹരീന്ദർ പ്രസാദ്, സൂപർവൈസർ ലളിത് ജോളി, യുഡി ക്ലാർക് വികെ ശർമ, സ്വകാര്യ കരാറുകാരൻ മൻദീപ് അഹുജ, ഇദ്ദേഹത്തിന്റെ ജീവനക്കാരൻ യൂനുസ് എന്നിവരാണ് അറസ്റ്റിലായത്. 19 ലക്ഷത്തിന്റെ ബില്ലുകൾ സായി ഉദ്യോഗസ്ഥർ ഇനിയും പാസാക്കാനുണ്ട്. ഈ ബില്ലുകൾക്ക് വേണ്ടി ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതാണ് കേസ്.