ന്യൂഡൽഹി: സിബിഐ തലപ്പത്ത് മടങ്ങിയെത്തിയതിന് പിന്നാലെ അലോക് വർമ്മ സിബിഐയിൽ വൻ അഴിച്ചുപണി നടത്തി. മൂന്ന് മാസം മുൻപ് അലോക് വർമ്മ സിബിഐ തലപ്പത്ത് നിന്ന് മാറിയതിന് പിന്നാലെ താത്കാലിക അധികാരമേറ്റ എം.നാഗേശ്വർ റാവു ഒപ്പുവച്ച ഉത്തരവുകളാണ് പിൻവലിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ സിബിഐ ആസ്ഥാനത്തെ പ്രധാന ഉദ്യോഗസ്ഥരെ അലോക് വർമ്മ സ്ഥലം മാറ്റി.

സിബിഐ ജോയിന്റ് ഡയറക്ടർമാരായ മുരുകേശൻ, അജയ് ഭട്നഗർ, ഡിഐജിമാരായ എൻ.കെ.സിൻഹ, തരുൺ ഗൗബ, അഡീഷണൽ ഡയറക്ടർ എ.കെ.ശർമ്മ എന്നിവരെയാണ് സ്ഥലം മാറ്റിയത്. രാകേഷ് അസ്താനയ്ക്ക് എതിരായ കേസ് അന്വേഷണ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് മുരുകേശനും തരുൺ ഗൗബയും.

സിബിഐയിൽ രണ്ടാം സ്ഥാനക്കാരനും മോദിയുടെ വിശ്വസ്തനുമായിരുന്ന രാകേഷ് അസ്താനയ്ക്ക് എതിരായ കേസ് അന്വേഷിച്ചിരുന്നത് എ.കെ.ബസ്സി, എം.കെ.സിൻഹ, എ.കെ.ശർമ്മ എന്നിവരായിരുന്നു. ഇവരെയടക്കം നാഗേശ്വർ റാവു സ്ഥലം മാറ്റിയിരുന്നു.

മൂന്ന് മാസത്തിന് ശേഷമാണ് സുപ്രീം കോടതി ഉത്തരവിന്റെ ബലത്തിൽ അലോക് വർമ്മ വീണ്ടും സിബിഐ തലപ്പത്ത് തിരികെയെത്തിയത്. സിബിഐയിൽ എന്തെങ്കിലും പുതിയ പോളിസി രൂപീകരിക്കാൻ അദ്ദേഹത്തിന് സാധിക്കില്ലെങ്കിലും ട്രാൻസ്‌ഫർ ഉത്തരവുകൾ പുറപ്പെടുവിക്കാൻ അദ്ദേഹത്തിന് അധികാരമുണ്ട്.

ഈ വർഷം ജനുവരി 31 ന് അലോക് വർമ്മയുടെ സിബിഐ തലപ്പത്തെ കാലാവധി അവസാനിക്കും. അതിന് മുൻപ് രാകേഷ് അസ്താനയ്ക്ക് എതിരായ കേസ് അന്വേഷണത്തിൽ നിർണ്ണായക വിവരങ്ങൾ കണ്ടെത്താനാവും അലോക് വർമ്മയുടെ ശ്രമം എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ