ന്യൂഡൽഹി: സ്ഥാനാർത്ഥികൾ മത്സരിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകുന്ന സ്വത്ത് സംബന്ധിച്ച വിവരങ്ങൾ സംബന്ധിച്ചുളള​ സൂക്ഷ്‌മപരിശോധനാ റിപ്പോർട്ട് പരസ്യമാക്കരുതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. നിയമനിർമ്മാതാക്കളായവർ നൽകിയ സ്വത്ത് വിവരത്തെ കുറിച്ച് സൂക്ഷ്‌മ പരിശോധന നടത്താനും നികുതി ബോർഡ് തീരുമാനിച്ചതായാണ് സൂചന.

ഈ വർഷം ഏപ്രിലിലും കഴിഞ്ഞ നവംബറിലും തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിവരങ്ങൾ വിവരാവകാശപ്രകാരം നൽകുന്നതുമായി ബന്ധപ്പെട്ട് വ്യക്തത ആവശ്യപ്പെട്ട് ആദായനികുതി ഡയറക്‌ടർ ജനറൽക്ക് കത്ത് അയച്ചിരുന്നു. പൊതുജനങ്ങൾക്ക് വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിന് മേലുളള ആദായനികുതി വകുപ്പിന്റെ സൂക്ഷ്‌മപരിശോധനാ വിവരങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഈ കത്ത്.

ഇതൊരു അന്വേഷണ റിപ്പോർട്ട് അല്ലെന്നും പരിശോധന റിപ്പോർട്ട് മാത്രമാണെന്നും ഇതിനെ വിവരാവകാശ നിയമത്തിന്റെ 24-ാം വകുപ്പ് പ്രകാരം നിയന്ത്രിക്കാനാകില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. ആർടിഐ​ നിയമത്തിന്റെ 24-ാം വകുപ്പിന്റെ പരിരക്ഷ കിട്ടുന്ന വകുപ്പുകളിൽ ആദായ നികുതി വകുപ്പും ഉൾപ്പെടുന്നുണ്ടെന്ന സാഹചര്യത്തിലാണിത്.

ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകൾ വോട്ടർമാരുടെയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുന്ന പലരുടെയും (ഉദാഹരത്തിന് തോൽക്കുന്ന സ്ഥാനാർത്ഥി) താൽപര്യത്തിന് അനുകൂലമാണ് ഇത് നൽകുന്നത്. ജനപ്രാതിനിധ്യനിയമത്തിലെ 125 A പ്രകാരം തിരഞ്ഞെടുക്കപ്പെട സ്ഥാനാർത്ഥിക്കെതിരെ തെറ്റായ സത്യവാങ്മൂലം നൽകിയതിന് കേസ് നൽകുന്നതിന് സഹായകരമായ ഒന്നാണിത്.

നികുതി വകുപ്പ് ഇതിനെതിരായാണ് രംഗത്തുവന്നത്. ഇങ്ങനെ വിവരം പുറത്ത് നൽകുന്നത് “ഫീസിബിൾ” ആകില്ലെന്നാണ് നികുതി വകുപ്പിന്റെ നിലപാട്. ഈ വിവരം പുറത്തുനൽകുന്നത് ആദായ നികുതി വകുപ്പിന്റെ 138​-ാം വകുപ്പിന്റെ ലംഘനമാണെന്ന് പ്രത്യക്ഷ നികുതി ബോർഡ് അഭിപ്രായപ്പെടുന്നു. ഇത്തരം വിവരങ്ങൾ​ പുറത്ത് വിടുന്നത് ശിക്ഷാർഹമാണെന്നും പറയുന്നു.

സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിലെ വസ്‌തുതകളും അവർ നേരത്തെ ആദായനികുതിക്ക് നൽകിയ വരുമാനവും തമ്മിൽ​ പരിശോധിക്കണമെന്ന് ആവശ്യം 2013 ജൂണിൽ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.

പ്രത്യക്ഷനികുതി ബോർഡ് എല്ലാ സത്യവാങ്മൂലങ്ങളും പരിശോധിച്ചില്ല. കമ്മീഷൻ നൽകിയ ചില കേസുകൾ മാത്രമാണ് പരിഗണിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ഈ​ സത്യവാങ്മൂലം കൊടുക്കുന്നതിനിടയിൽ അസാധാരണമായ നിലയിൽ വർധിച്ച വരുമാനമുളളവയാണ് പരിശോധിച്ചത്. പാൻ നമ്പർ വെളിപ്പെടുത്തിയിട്ടില്ലാത്തതും മുൻ സത്യവാങ്മൂലത്തിൽ രണ്ട് കോടി രൂപയുടെ ജംഗമ വസ്‌തുക്കൾ ഉണ്ടായിരുന്ന സ്ഥാനാർത്ഥിക്ക് പുതുതായി അഞ്ച് കോടി രൂപയിലേറെ ജംഗമ വസ്‌തുക്കൾ​ ഉണ്ടെന്ന് നൽകിയ സത്യവാങ്മൂലമാണ് പരിശോധനയ്‌ക്കെടുത്ത്.

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തെ കുറിച്ച് ആദായനികുതി ഇൻവെസ്റ്റിഗേഷൻ ഡയറക്‌ടർ ജനറലാണ് പരിശോധിക്കുന്നത്. അത് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകും. എന്തെങ്കിലും വൈരുദ്ധ്യം അന്വേഷണത്തിൽ​ കണ്ടെത്തിയാൽ ഇതേ കുറിച്ച് ഐടി നിയമപ്രകാരം അന്വേഷിച്ച് നടപടിയെടുക്കാൻ സ്ഥാനാർത്ഥിയുടെ പരിധിയിൽ അധികാരമുളള​ അസെസ്സിങ് ഓഫീസറെ ചുമതലപ്പെടുത്തും.

ആദായനികുതി ഡയറക്‌ടർ ജനറലിന്റെ റിപ്പോർട്ട് പരിശോധനാ റിപ്പോർട്ട് മാത്രമാണെന്നും ഇത് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. കഴിഞ്ഞവർഷം ആദായ നികുതി വകുപ്പ് 2013ൽ തിരഞ്ഞെടുപ്പ് കമ്മീഷനുമായുളള ധാരണയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനാ റിപ്പോർട്ട് സുപ്രീംകോടതിയിൽ നൽകിയിരുന്നു.

ഏഴ് എംപിമാരുടെയും 257 എംഎൽഎമാരുടെയും കണക്കായിരുന്നു ഇത്. ഇത് ഒരു സർക്കാരിതര സംഘടന (എൻജിഒ) 26 ലോക്‌സഭാ എംപിമാരുടെയും 11 രാജ്യസഭാ എംപിമാരുടെയും 257 എംഎൽഎമാരുടെയും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ സൂക്ഷ്‌മ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയിലായിരുന്നു. രണ്ട് തിരഞ്ഞെടുപ്പുകൾക്കിടയിൽ​ ഇവരുടെ വരുമാനത്തിൽ അസാധാരണമായ വളർച്ചയുണ്ടായിയെന്ന് കാണിച്ചായിരുന്നു സൂക്ഷ്‌മപരിശോധന ആവശ്യപ്പെട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ