ന്യൂഡൽഹി: ആം ആദ്‌മി പാർട്ടിക്ക് ലഭിച്ച സംഭാവനയുടെ ഔദ്യോഗിക കണക്കുകളിൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) വൈരുധ്യം കണ്ടെത്തി. തിരഞ്ഞെടുപ്പു കമ്മീഷന് മുൻപാകെ പാർട്ടി സമർപ്പിച്ച കണക്കുകൾ പൊരുത്തപ്പെടുന്നില്ലെന്നും ഇത് റെപ്രെസന്റേഷൻ ഓഫ് പീപ്പിൾസ് ആക്ടിന്റെ ലംഘനമാണെന്നും (സിബിഡിടി) ആരോപണം.

ഇക്കാര്യം വിശദമാക്കി സിബിഡിടി ചെയർമാൻ സുശീൽ ചന്ദ്ര ജനുവരി മൂന്നിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എ.കെ.ജ്യോതിക്ക് കത്തെഴുതിയിരുന്നു. ആം ആദ്‌മി പാർട്ടി സമർപ്പിച്ച 2015 – 16 ലെ സാമ്പത്തിക റിപ്പോർട്ടിൽ വൈരുധ്യമുണ്ടെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

റെപ്രസന്റേഷൻ ഓഫ് പീപ്പിൾസ് ആക്ടിന്റെ വകുപ്പ് 29 സിയുടെ ലംഘനമാണിതെന്നും കത്തിൽ പരാമർശമുണ്ട്. രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകൾ 20000 രൂപയിൽ കൂടുതലാണെങ്കിൽ സംഭാവന നൽകിയ വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേരുവിവരങ്ങൾ വ്യക്തമാക്കണമെന്ന് വകുപ്പ് നിഷ്കർഷിക്കുന്നു. ഇത് ലംഘിക്കുന്ന പാർട്ടികൾക്ക് വരുമാനവുമായി ബന്ധപ്പെട്ടുളള നികുതിയിളവുകൾക്ക് അർഹതയില്ലെന്നും വകുപ്പിൽ പറയുന്നുണ്ട്.

നവംബർ 27 നു പാർട്ടിക്ക് ആദായ നികുതി വകുപ്പിന്റെ സമാന നോട്ടീസ് ലഭിച്ചിരുന്നു. പാർട്ടിയെ തകർക്കാനുള്ള ഗൂഢശ്രമമായി എഎപി ഇത് വ്യാഖ്യാനിച്ചു. 2015 -16 വർഷത്തിൽ 68.44 കോടി രൂപയാണ് എഎപിയുടെ നികുതിയുടെ പരിധിയിൽ വരുന്ന വരുമാനമായി ആദായ നികുതി വകുപ്പ് തീരുമാനിച്ചിരുന്നത്. ഇതിന്മേൽ 30.67 കോടി രൂപ വകുപ്പ് നികുതിയും ചുമത്തി.

പാർട്ടിയുടെ വാർഷിക സാമ്പത്തിക റിപ്പോർട്ടിന്മേൽ കണ്ടെത്തിയ പൊരുത്തക്കേടുകൾ സുശീൽ ചന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിൽ അക്കമിട്ടു നിരത്തുന്നുണ്ട്. 13.61കോടി രൂപ സംഭാവന സ്വീകരിച്ചതിന്റെ ഉറവിടം വ്യക്തമല്ല. സംഭാവന നൽകിയവരുടെ പേരു വിവരങ്ങളൊന്നും തന്നെ റിപ്പോർട്ടിൽ ഇല്ല. മാത്രമല്ല 20000 രൂപയും കൂടുതൽ സംഭാവന നൽകിയ 450 പേരുടെ പേരുവിവരങ്ങളും പാർട്ടി വെളുപ്പെടുത്തിയിട്ടില്ല. മൊത്തത്തിൽ 6.26 കോടി രൂപ സ്വീകരിച്ചതിനും പാർട്ടി ഉറവിടം വെളുപ്പെടുത്തിയിട്ടില്ല. ഉറവിടം വെളുപ്പെടുത്താത്ത 36.95 കോടിക്ക് പുറമെ സ്വമേധയാ നൽകുന്ന സംഭാവനകൾ എന്ന പേരിൽ രണ്ട് കോടി രൂപയുടെ വിവരങ്ങളും പാർട്ടി വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

റെപ്രസന്റേഷൻ ഓഫ് പീപ്പിൾസ് ആക്ടിന്റെ ലംഘനം, ശരിയായ കണക്കുകൾ നൽകാതെ തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കൽ എന്നിവയാണ് ആണ് ആം ആദ്‌മി പാർട്ടിക്കെതിരെ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്ന നിയമലംഘനങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook