scorecardresearch
Latest News

ഇരുള്‍ഗുഹയില്‍ നന്മയുടെ വെളിച്ചം തെളിച്ച ഡോക്‌ടറെ കാത്തിരുന്നതൊരു ദുരന്തവാര്‍ത്ത!

2011ല്‍ ദക്ഷിണ ഓസ്ട്രേലിയയില്‍ ഡൈവിങ്ങിനിടെ മരണപ്പെട്ട ആഗ്നസ് മിലോവ്ക എന്ന ഉറ്റസുഹൃത്തിന്റെ മൃതദേഹം കണ്ടെടുക്കാന്‍ നിയോഗിക്കപ്പെട്ടതും ഡോ.ഹാരിസിനെയായിരുന്നു

ഇരുള്‍ഗുഹയില്‍ നന്മയുടെ വെളിച്ചം തെളിച്ച ഡോക്‌ടറെ കാത്തിരുന്നതൊരു ദുരന്തവാര്‍ത്ത!

ബാങ്കോക്ക്‌: വൈല്‍ഡ് ബോര്‍ ഫുട്ബോള്‍ ടീമിനെ തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഓസ്ട്രേലിയന്‍ ഡോക്ടറായിരുന്ന ഡോ.റിച്ചാര്‍ഡ് ഹാരിസ് സ്വമേധയാ താത്പര്യം അറിയിച്ച് രംഗത്തെത്തുകയായിരുന്നു. തായ്‌ലന്‍ഡിലെ തന്റെ അവധിക്കാല ആഘോഷം നിര്‍ത്തി രക്ഷാദൗത്യത്തില്‍ അദ്ദേഹം ഭാഗമായി. ഗുഹയില്‍ കുട്ടികള്‍ക്കൊപ്പം മൂന്ന് ദിവസം താമസിച്ച് അവര്‍ക്ക് വേണ്ട പരിചരണങ്ങളും നിർദ്ദേശങ്ങളും നല്‍കി. ഏറെ ശ്വാസം മുട്ടുന്ന ഈ രക്ഷാദൗത്യത്തില്‍ ഇദ്ദേഹത്തിന്റെ നിർദ്ദേശത്തെ തുടര്‍ന്നാണ് ഏറെ ദുര്‍ബ്ബലരായ കുട്ടികളെ ആദ്യം ഗുഹയ്ക്ക് പുറത്തെത്തിച്ചത്.

അവസാനം ഗുഹയില്‍ നിന്നും പുറത്തിറങ്ങിയവരില്‍ ഒരാള്‍ ഹാരി എന്നറിയപ്പെടുന്ന ഡോ.ഹാരിസ് ആണ്. എന്നാല്‍ ലോകം മുഴുവന്‍ കുട്ടികള്‍ രക്ഷപ്പെട്ടത് ആഘോഷമാക്കിയപ്പോള്‍ ഡോ.ഹാരിസിനെ തേടിയെത്തിയത് ഒരു ദുഃഖവാര്‍ത്തയായിരുന്നു. രക്ഷാദൗത്യം വിജയകരമായി വിരാമമായതിന് പിന്നാലെ അദ്ദേഹത്തതിന്റെ പിതാവ് മരണപ്പെട്ടെന്ന വാര്‍ത്തയാണ് അഡ്‍ലെയ്ഡില്‍ നിന്നും ഡോക്ടറെ തേടിയെത്തിയത്. ദൗത്യത്തില്‍ ഡോക്ടറുടെ പങ്ക് ഏറെ വലുതാണെന്ന് ചിയാങ് റായ് പ്രവിഷ്യാ ഗവര്‍ണര്‍ നരോങ്സാക് ഔസോട്ടാനകോണ്‍ പറഞ്ഞു. കുട്ടികള്‍ക്ക് ധൈര്യം നല്‍കി ഹാരിസ് കൂടെ ഉണ്ടായിരുന്നത് ഏറെ ആശ്വാസകരമായിരുന്നെന്ന് രക്ഷാപ്രവര്‍ത്തകര്‍ ബിബിസിയോട് പറഞ്ഞു.

രക്ഷാദൗത്യം വിജയിച്ചതിന് പിന്നാലെ ഡോക്ടര്‍ക്ക് നന്ദി പറഞ്ഞും പുകഴ്ത്തിയും സോഷ്യൽ മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞു. അദ്ദേഹത്തിന് ‘ഓസ്ട്രേലിയന്‍ ഓഫ് ദ ഇയര്‍’ പുരസ്കാരം നല്‍കി ആദരിക്കണമെന്ന് ഓസ്ട്രേലിയന്‍ ജനങ്ങള്‍ ആവശ്യപ്പെട്ട് രംഗത്തെത്തി. ഡോക്ടറെ ആദരിക്കുമെന്ന് സര്‍ക്കാർ വൃത്തങ്ങളും വ്യക്തമാക്കി. മുങ്ങല്‍ വിദഗ്‌ധനായ ഡോക്ടര്‍ മികച്ച അണ്ടര്‍വാട്ടര്‍ ഫൊട്ടോഗ്രാഫറും കൂടിയാണ്. ഓസ്ട്രേലിയ, ന്യൂസിലൻഡ്, ക്രിസ്മസ് ദ്വീപ്, ചൈന എന്നിവിടങ്ങളില്‍ മുങ്ങല്‍ പര്യടനങ്ങളില്‍ ഭാഗമായിട്ടുണ്ട്. 2011ല്‍ ദക്ഷിണ ഓസ്ട്രേലിയയില്‍ ഡൈവിങ്ങിനിടെ മരണപ്പെട്ട ആഗ്നസ് മിലോവ്ക എന്ന ഉറ്റസുഹൃത്തിന്റെ മൃതദേഹം കണ്ടെടുക്കാന്‍ നിയോഗിക്കപ്പെട്ടതും ഇദ്ദേഹത്തെയായിരുന്നു. പസഫിക്കില്‍ ദുരന്തമുഖത്ത് ചികിത്സാ സഹായവുമായി എത്തുന്ന മുഖങ്ങളില്‍ തിരഞ്ഞാല്‍ ഇദ്ദേഹത്തേയും കാണാനാവും.

മനുഷ്യശക്‌തിയും ദൃഢനിശ്‌ചയവും കൈകോര്‍ത്ത അതിസാഹസിക ദൗത്യത്തിലൂടെ ഗുഹയില്‍ അവശേഷിച്ച നാലു കുട്ടികളെയും അവരുടെ ഫുട്‌ബോള്‍ പരിശീലകനെയും 18-ാം ദിവസമായ ബുധനാഴ്‌ചയാണ് പുറത്തെത്തിച്ചത്.

പ്രാര്‍ഥനയുമായി കാത്തിരുന്ന ലോകത്തിന്റെ മനം നിറഞ്ഞു. ഗുഹയില്‍ ജീവവായുവെത്തിച്ചു മടങ്ങുന്നതിനിടെ ശ്വാസം നിലച്ചുപോയ സമാന്‍ കുനന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ ലോകം നൃത്തംവയ്‌ക്കുമായിരുന്നു. അവസാനം പരിശീലകനെ പുറത്തിറങ്ങിയതിന് പിന്നാലെ ഡോക്‌ടറും മൂന്നു തായ്‌ സീലുകളും സുരക്ഷിതരായി പുറത്തെത്തി. ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഗുഹാബന്ധനത്തിന്‌ അവസാനം.

ഇന്നലെ രക്ഷിച്ചവരെയും പ്രഥമശുശ്രൂഷകള്‍ക്കും പരിശോധനയ്‌ക്കുംശേഷം ആശുപത്രിയിലേക്കു മാറ്റി. ആദ്യം രക്ഷപ്പെടുത്തിയ എട്ടുപേരും ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. ശാരീരികമായോ മാനസികമായോ ആര്‍ക്കും ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളുമില്ലെന്ന്‌ തായ്‌ലന്‍ഡ്‌ പൊതുഭരണമന്ത്രി അറിയിച്ചു.

രണ്ടുപേര്‍ക്കു കഴിഞ്ഞദിവസം ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ആന്റിബയോട്ടിക്‌ മരുന്നുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവരടക്കം ആര്‍ക്കും ഇന്നലെ പനിയുടെ ലക്ഷണങ്ങളില്ല. കുട്ടികള്‍ ഒരാഴ്‌ചയെങ്കിലും ആശുപത്രിയില്‍ കഴിയേണ്ടിവരും. എല്ലാവരുടേയും ശരീരത്തില്‍ ശ്വേതരക്‌താണുക്കളുടെ എണ്ണം കൂടിയിട്ടുണ്ട്‌. അണുബാധയാണതു സൂചിപ്പിക്കുന്നത്‌. രണ്ടാഴ്‌ചയിലേറെയുള്ള ഗുഹാവാസമാകാം കാരണം. എല്ലാവര്‍ക്കും ആന്റിബയോട്ടിക്‌ നല്‍കിയിട്ടുണ്ട്‌.

ഞായറാഴ്‌ച റഷ്യന്‍ തലസ്‌ഥാനമായ മോസ്‌കോയില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തിലേക്കു കുട്ടികളെ ഫിഫ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഒരാഴ്‌ചയെങ്കിലും ആശുപത്രി നിരീക്ഷണത്തില്‍ കഴിയേണ്ടതിനാല്‍ ആ കാഴ്‌ച നടക്കാനിടയില്ല.

ജൂണ്‍ 23നാണ്‌ തായ്‌ലന്‍ഡിലെ കൗമാരഫുട്‌ബോള്‍ ടീമായ വൈല്‍ഡ്‌ ബോര്‍ അംഗങ്ങള്‍ വടക്കന്‍ തായ്‌ലന്‍ഡിലെ ചിയാങ്‌ റായ്‌ പ്രവിശ്യയിലെ ഗുഹയില്‍ കുടുങ്ങിയത്‌. ഫുട്‌ബോള്‍ പരിശീലനം നടത്തുന്നതിനിടെ മഴയില്‍നിന്ന്‌ രക്ഷപ്പെടാന്‍ ഗുഹയില്‍ കയറിയ അവര്‍ കനത്ത മഴയില്‍ ഗുഹാമുഖം അടഞ്ഞതോടെ ഉള്ളില്‍ കുടുങ്ങി. ഒമ്പതു ദിവസത്തിനു ശേഷമാണു ബ്രിട്ടീഷ്‌ “കേവ്‌ ഡൈവര്‍” സംഘം ഇവരെ കണ്ടെത്തിയത്‌. കാലാവസ്‌ഥ അനുകൂലമായശേഷം സാവധാനം രക്ഷപ്പെടുത്താനായിരുന്നു ആലോചന. കനത്ത മഴയില്‍ ഗുഹയില്‍ കുടുതല്‍ വെള്ളം നിറയാനുള്ള സാധ്യത കണക്കിലെടുത്ത്‌ അടിയന്തര രക്ഷാദൗത്യത്തിനു തീരുമാനിക്കുകയായിരുന്നു.

ലഭ്യമായ മണിക്കൂറുകളില്‍ നീന്തലും മുങ്ങലും പഠിപ്പിച്ച്‌ കുട്ടികളെ സജ്‌ജരാക്കി. ലോകം ഇന്നോളം കണ്ട സാഹസികരക്ഷാദൗത്യത്തിലൂടെ 12 കുട്ടികളും പരിശീലകനും പോറല്‍ പോലുമേല്‍ക്കാതെ വെളിച്ചത്തിലേക്കു തിരിച്ചെത്തി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Cave rescue the australian diving doctor who stayed with the boys