ന്യൂഡൽഹി: കാവേരി നദീജല തർക്കത്തിൽ കർണാകടയ്ക്ക് അനുകൂല വിധി. കർണാടകയ്ക്ക് അധിക ജലം നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഇതോടെ കർണാടകയ്ക്ക് 14.75 ടിഎംസി ജലം അധികം ലഭിക്കും. 2007 ലെ ട്രൈബ്യൂണൽ ഉത്തരവാണ് സുപ്രീംകോടതി ഭേദഗതി ചെയ്തത്.

തമിഴ്നാടിന് 177.25 ടിഎംസി ജലമായി കുറച്ചു. തമിഴ്നാടിന് 192 ടിഎംസി അനുവദിച്ചു കൊണ്ടുളളതായിരുന്നു ട്രൈബ്യൂണൽ ഉത്തരവ്. അതേസമയം, അധിക ജലം വേണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗകരിച്ചില്ല. കാവേരിയില്‍ നിന്ന് 99.8 ടിഎംസി ജലം വിട്ടുകിട്ടണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. കേരളത്തിന് 30 ടിഎംസി ജലമാണ് ഇപ്പോൾ ലഭിക്കുന്നത്. പുതുച്ചേരിക്കും അധികജലം ഇല്ല.

കാവേരി നദീജല തര്‍ക്കപരിഹാര ട്രൈബ്യൂണലിന്റെ (സിഡബ്ല്യുഡിടി) 2007ലെ വിധിക്കെതിരേ കർണാടക, തമിഴ്നാട്, കേരളം എന്നീ മൂന്നു സംസ്ഥാനങ്ങളും നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. 2007-ലെ കാവേരി ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയാണ് മൂന്നു സംസ്ഥാനങ്ങളും സുപ്രീംകോടതിയെ സമീപിച്ചത്. ഉത്തരവനുസരിച്ച് 419 ടിഎംസി വെള്ളം തമിഴ്നാടിനും 270 ടിഎംസി വെള്ളം കര്‍ണാടകത്തിനും 30 ടിഎംസി വെള്ളം കേരളത്തിനും ലഭിക്കണം. ഈ ഉത്തരവിനെതിരെയാണ് മൂന്നു സംസ്ഥാനങ്ങളും അപ്പീൽ നൽകിയത്. മൂന്നു സംസ്ഥാനങ്ങളുടെയും വാദങ്ങൾ കേട്ട ശേഷമാണ് ഇന്ന് വിധി പറഞ്ഞത്.

കര്‍ണാടകയിലെ കര്‍ഷകര്‍ ജലസേചനത്തിന് ഏറെ ആശ്രയിക്കുന്നത് കാവേരിയെയാണ്. ബെംഗളൂരു പോലെയുളള നഗരങ്ങളില്‍ കുടിവെളളത്തിന് ഉപയോഗിക്കുന്നതും നദിയിലെ വെളളമാണ്. കാവേരിയെ അഭിമാനമായി കാണുന്ന കര്‍ണാടകയില്‍ തര്‍ക്കം പലപ്പോഴും സംഘര്‍ഷത്തിലേക്ക് നീങ്ങിയിട്ടുണ്ട്. കാവേരി തര്‍ക്കത്തില്‍ തമിഴ്നാടിന് വേണ്ടി മുന്നില്‍ നിന്ന ജയലളിത പലപ്പോഴും വിഷയത്തില്‍ കര്‍ണാടകയുമായി ഉരസിയിട്ടുണ്ട്.

നൂറ്റാണ്ടുകളായി കന്നഡ-തമിഴ്‌ കർഷകരുടെ പ്രധാന ജലസ്രോതസ്സാണ്‌ കാവേരി നദി. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ അവരുടെ കീഴിലായിരുന്ന മദ്രാസ്‌ പ്രവിശ്യയും മൈസൂർ രാജാവും തമ്മിലായിരുന്നു ആദ്യം തർക്കം ഉടലെടുത്തത്‌. 1916-ൽ മൈസൂർ ഭരണകൂടം കൃഷ്ണരാജ സാഗർ അണക്കെട്ട്‌ നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ മദ്രാസ്‌ അധികാരികൾ അത്‌ എതിർത്തു തമിഴ്‌നാട്ടിൽ ജലം എത്തുകയില്ല എന്നായിരുന്നു അവരുടെ വാദം.

തർക്കത്തിനൊടുവിൽ 1924-ൽ പ്രാബല്യത്തിൽ വന്ന കരാറനുസരിച്ച്‌ മൈസൂറിന്‌ അണക്കെട്ടുണ്ടാക്കാനുള്ള തടസ്സം മാറി. അതോടൊപ്പം തന്നെ മദ്രാസ്‌ പ്രവിശ്യയിലുണ്ടായിരുന്ന മേട്ടൂർ അണക്കെട്ടിലേക്ക്‌ ജലം എത്താൻ തടസ്സം ഉണ്ടാകാനും പാടില്ലാ എന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. 575.68 ടിഎംസി ജലത്തിന്‌ തമിഴ്‌നാടിന്‌ അർഹതയുണ്ടെന്നായിരുന്നു വ്യവസ്ഥ. കൂടാതെ പുതിയതായി കർണാടകഭാഗത്ത്‌ ഉണ്ടാക്കുന്ന അണക്കെട്ടുകൾക്ക്‌ തമിഴ്‌നാടിന്റെ സമ്മതവും ആവശ്യമായിരുന്നു.

കേരളത്തിൽ നിന്നുത്ഭവിക്കുന്നതും കാവേരിയുടെ പോഷകനദിയുമായ കബനിയിൽ 1959-ൽ കർണാടക ഒരു അണക്കെട്ടുണ്ടാക്കി. തമിഴ്‌നാട്‌ പ്രതിഷേധവുമായി രംഗത്തു വന്നു. മറ്റൊരു പോഷകനദിയായ ഹേമാവതി നദിയിൽ അണക്കെട്ടുണ്ടാക്കാൻ തീരുമാനമായപ്പോഴേക്കും തമിഴ്‌നാടിന്റെ എതിർപ്പു ശക്തമായി. എന്നാൽ പഴയ കരാർ ബ്രിട്ടീഷുകാർ ഉണ്ടാക്കിയതാകയാൽ കാലഹരണപ്പെട്ടുവെന്നായിരുന്നു കർണ്ണാടകത്തിന്റെ വാദം.

1970 മുതൽ കാവേരി പ്രശ്നം ഒരു ട്രൈബ്യൂണലിനു വിടണമെന്ന് തമിഴ്‌നാട്‌ ആവശ്യപ്പെടാൻ തുടങ്ങി. 1974-ൽ അന്നത്തെ കേന്ദ്ര ജലസേചന മന്ത്രിയായിരുന്ന ജഗ്ജീവൻ റാം ബന്ധപ്പെട്ട മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേർത്തു. തുടർന്ന് തമിഴ്‌നാടിന്റെ ജലം 489 ടിഎംസി ആയി കുറച്ചു. തമിഴ്‌നാട്‌ സുപ്രീംകോടതിയെ സമീപിക്കുകയും ട്രൈബ്യൂണലിനെ നിയമിക്കാൻ വിധി സമ്പാദിക്കുകയും ചെയ്തു. വിധിയനുസരിച്ച്‌ 1991-ൽ വി.പി.സിങ് സർക്കാർ മൂന്നംഗ ട്രൈബ്യൂണലിനെ നിയമിക്കുകയും ട്രൈബ്യൂണൽ തമിഴ്‌നാടിന്‌ 205 ടിഎംസി ജലം കൂടി അനുവദിച്ചുകൊണ്ട്‌ ഇടക്കാല ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook