ചെന്നൈ: തമിഴ്നാട്ടില്‍ കാവേരി വിഷയത്തില്‍ ട്രെയിനിന് മുകളില്‍ കയറി നിന്ന് പ്രതിഷേധം നടത്തിയ പട്ടാളി മക്കള്‍ കച്ചി (പിഎംകെ) പ്രവര്‍ത്തകന്‍ ഷോക്കേറ്റ് മരിച്ചതായി റിപ്പോര്‍ട്ട്. 32കാരനായ രഞ്ജിത് ആണ് അപകടത്തില്‍ പെട്ടത്. ഇയാള്‍ മരിച്ചെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഇയാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

70 ശതമാനത്തോളം ഇയാള്‍ക്ക് പൊളളലേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ക്കൊപ്പം ട്രെയിനിന് മുകളില്‍ കയറിയ മറ്റൊരാള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. കാവേരി പ്രശ്നത്തില്‍ ട്രെയിന്‍ തടഞ്ഞ് പാര്‍ട്ടി നടത്തിയ പ്രതിഷേധത്തിനിടെയാണ് ദുരന്തം സംഭവിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പാര്‍ട്ടി പതാകകളുമായി പിഎംകെ പ്രവര്‍ത്തകര്‍ റെയില്‍പാളത്തിലും സമീപത്തുമായി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. തിണ്ടിവനം റെയിൽവേ സ്റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞ പ്രവര്‍ത്തകരില്‍ ചിലര്‍ എഞ്ചിന് മുകളില്‍ നിലയുറപ്പിച്ചപ്പോള്‍ രഞ്ജിത്തും മറ്റൊരാളും ട്രെയിനിന് മുകളില്‍ കയറുകയായിരുന്നു.

തലയ്ക്ക് മുകളിലുളള വൈദ്യുത വയറുകള്‍ അവഗണിച്ചാണ് ഇവര്‍ സാഹസം കാണിച്ചത്. എന്നാല്‍ രഞ്ജിത്തിന്റെ തലയ്ക്ക് മുകളില്‍ നിന്നുളള വയറില്‍ നിന്ന് വൈദ്യുതി പ്രവഹിക്കുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തിന്റെ ദേഹമാസകലം പൊളളലേറ്റ് പൊട്ടിത്തെറിച്ചു. അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഓട്ടോ ഡ്രൈവറാണ് രഞ്ജിത്ത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞ് ട്രാക്കില്‍ കിടക്കുകയും ഇരിക്കുകയുമാണ് പതിവ്. എന്നാല്‍ ചിലര്‍ പാര്‍ട്ടി പതാക ഉയര്‍ത്തിക്കാണിക്കാന്‍ ട്രെയിനിന് മുകളില്‍ കയറാറുമുണ്ട്. ഇത്തരത്തില്‍ കയറിയപ്പോഴാണ് അപകടം നടന്നത്. കാവേരി വിഷയത്തില്‍ പിഎംകെ അഞ്ച് ജില്ലകളിലാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുളളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ