കാവേരി വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ആളിക്കത്തുമ്പോള്‍, ഐപിഎല്ലിനെതിരെ വിമര്‍ശനവുമായി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. എപിഎല്‍ കളിക്കാനുള്ള സമയമല്ല ഇതെന്നും ചെന്നൈ താരങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് കളത്തിലിറങ്ങി പ്രതിഷേധിക്കണമെന്നും രജനികാന്ത് പറഞ്ഞു. തമിഴ് ചലച്ചിത്ര താരങ്ങളുടെ ഉപവാസ സമരവേദിയിലാണ് രജനിയുടെ പ്രതികരണം.

ധനുഷ്, വിശാല്‍, സൂര്യ തുടങ്ങിയ താരങ്ങളും സംഗീത സംവിധായകന്‍ ഇളയരാജയും പ്രതിഷേധവേദിയില്‍ എത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രത്തിന്റെ എത്രയും പെട്ടെന്നുള്ള ഇടപെടല്‍ ആവശ്യമാണെന്നും രജനികാന്ത് പറഞ്ഞു. കാവേരി വിഷയത്തില്‍ രജനി മൗനം പാലിക്കുന്നു എന്ന് കമല്‍ഹാസന്‍ വിമര്‍ശിച്ചതിനു പിന്നാലെയാണ് ശക്തമായ പ്രതികരണവുമായി താരം രംഗത്തെത്തിയിരിക്കുന്നത്.

കാവേരി പ്രശ്നവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. കഴിഞ്ഞ ദിവസം ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ബന്ദ് അടക്കമുളള പ്രതിഷേധപരിപാടികള്‍ അരങ്ങേറിയിരുന്നു. ചിലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ ആത്മഹത്യാ ശ്രമം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook