ഹൈദരാബാദ്: മരുമകളെ ആക്രമിച്ചുവെന്ന പരാതിയിൽ വിരമിച്ച ഹെെക്കോടതി ജഡ്ജിക്കെതിരെ കേസ്. മുൻ ജസ്റ്റിസ് നൂട്ടി രാമ മോഹൻ റാവുവിനും ഭാര്യയ്ക്കും മകനുമെതിരെ ഹൈദരാബാദ് പോലീസാണ് കേസെടുത്തത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വെള്ളിയാഴ്ച പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഏപ്രിൽ 20 എന്ന തീയതിയും സമയവും വ്യക്തമാക്കുന്ന ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ റാവുവിന്റെ മരുമകൾ എം സിന്ധു ശർമ്മയുടെ കുടുംബം പുറത്തുവിട്ടിരുന്നു. 2.20 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, വീട്ടിൽ തർക്കത്തിനിടെ റാവുവിന്റെ മകൻ എൻ വസിഷ്ഠ ഭാര്യ സിന്ധുവിനെ ആക്രമിക്കുന്നതായി കാണാം. റാവുവും ഭാര്യ ദുർഗലക്ഷ്മിയും തർക്കത്തിൽ ഇടപെട്ട് വഴക്ക് അവസാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ വസിഷ്ഠ സിന്ധുവിനെ ഇടിക്കുകയും അടിക്കുകയും ചെയ്യുമ്പോൾ, റാവു സിന്ധുവിന്റെ കൈപിടിച്ച് സോഫയിലേക്ക് വലിച്ചിടുന്നതും കാണാം.

വീഡിയോയുടെ അവസാനം സിന്ധുവിന്റെ മകൾ മുറിയിലേക്ക് പ്രവേശിക്കുന്നതും അമ്മയുടെ കാലിൽ കെട്ടിപ്പിടിക്കുന്നതും കാണാം. എന്നാൽ കുട്ടിയെ പിന്നീട് മുറിയിൽനിന്നു വലിച്ച് പുറത്താക്കുന്നുണ്ട്.

ഭർത്താവും അമ്മായിയമ്മയും ശാരീരികവും മാനസികവുമായി അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് സിന്ധു ഏപ്രിൽ 27 ന് ഹൈദരാബാദ് പോലീസ് സെൻട്രൽ ക്രൈം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഏപ്രിൽ 20 ന് രാത്രി തന്നെ ആക്രമിച്ചതായും ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും പരാതിയിൽ സിന്ധു പറയുന്നു.

റിട്ട.ജസ്റ്റിസ് റാവു, വസിഷ്ഠ്, ദുർഗ ലക്ഷ്മി എന്നിവർക്കെതിരെയാണ് സി‌സി‌എസിൽ പരാതി നൽകിയിരിക്കുന്നതെന്ന് സിന്ധുവിന്റെ പിതാവ് എംവി ശർമ്മ പറഞ്ഞു.

“ഏപ്രിൽ 20 ന് രാത്രി മകളെ ആക്രമിച്ചതിന് ശേഷം നിരവധി പരുക്കുകളോടെ, അവർ തന്നെ എന്റെ മകളെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവളുടെ പുറം, നെഞ്ച്, കൈകൾ എന്നിവയിൽ മുറിവുകളും പരുക്കുകളും ഉണ്ട്. എന്റെ മകൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും അവൾ തന്നെയാണ് ശരീരത്തിൽ മുറിവുകളുണ്ടാക്കിയതെന്നും വരുത്തിത്തീർക്കാനും അവർ ശ്രമിച്ചു,” അദ്ദേഹം പറഞ്ഞു.

സിസിടിവി ദൃശ്യങ്ങൾ നൽകാമെന്ന് പരാതിക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അത് സമർപ്പിച്ചിട്ടില്ലെന്ന് സിസിഎസിന്റെ ഡിസിപി അവിനാശ് മൊഹന്തി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

“സിന്ധു ശർമ്മയുടെ പരാതി ഞങ്ങൾ രജിസ്റ്റർ ചെയ്യുന്ന സമയത്ത്, അവർക്കെതിരായ ആരോപണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നൽകി അന്വേഷണത്തെ സഹായിക്കുമെന്ന് അവരും കുടുംബവും അറിയിച്ചിരുന്നു. ഞങ്ങൾ ഇതിനകം തന്നെ വസിഷ്ഠന്റെ പ്രസ്താവന എടുത്തിട്ടുണ്ട്.”

ആന്ധ്രാപ്രദേശ്, മദ്രാസ് ഹൈക്കോടതികളിൽ സേവനമനുഷ്ഠിച്ച റാവു 2017 ഏപ്രിലിലാണ് വിരമിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook