ജുലവലറിയിൽ മോഷണം നടത്താൻ ശ്രമിച്ച് പരാജയപ്പെട്ട കളളന്മാരുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മലേഷ്യയിലാണ് സംഭവം. മലേഷ്യയിലെ ഷാം അലാം സ്ഥലത്തുളള കേദായ് എമാസ് ശ്രീ അലാം ജുവലറിയിലാണ് തിങ്കളാഴ്ച വൈകിട്ട് മോഷണ ശ്രമം നടന്നത്.

നാലുപേരടങ്ങിയ സംഘമാണ് മോഷണത്തിനായി എത്തിയത്. തിരിച്ചറിയാതിരിക്കാൻ തലയിൽ ഹെൽമെറ്റ് ധരിച്ചിരുന്നു. ജുവലറിക്കുളളിൽ കടന്ന കളളന്മാർ ചുറ്റിക ഉപയോഗിച്ച് കണ്ണാടിച്ചില്ലുകൾ പൊട്ടിക്കാൻ ശ്രമിച്ചു. പക്ഷേ എത്ര ശ്രമിച്ചിട്ടും ചില്ല് മാത്രം പൊട്ടിയില്ല. കളളന്മാർ ചില്ല് പൊട്ടിക്കാനായി ആഞ്ഞ് ആഞ്ഞ് അടിച്ചെങ്കിലും ഒന്നും നടന്നില്ല. ഒടുവിൽ കളളന്മാർ നിരാശരായി മടങ്ങി.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 5.8 മില്യൻ പേരാണ് ഇതിനോടകം വിഡിയോ കണ്ടത്. അറ്റക്കുറ്റപ്പണികൾക്കായി ജുവലറി രണ്ടാഴ്ചത്തേക്ക് അടച്ചിടുകയാണെന്നും സംഭവത്തിനുശേഷം ജുവലറി അധികൃതർ അറിയിച്ചു. പോളികാർബൊണേറ്റ് ഗ്ലാസാണ് ഡിസ്‌പ്ലേയ്ക്കായി ജുവലറിയിൽ ഉപയോഗിച്ചിരുന്നതെന്ന് ഹൈപ്പ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. സാധാരണ ഗ്ലാസിനെക്കാൾ പത്തിരട്ടി മോഷണത്തെ തടയാൻ ശക്തിയുളള ഗ്ലാസാണിത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ