പൽവാൽ (ഹരിയാന): രണ്ടുമണിക്കൂറിനുള്ളില്‍ ആറുപേരുടെ ജീവനെടുത്ത പ്രതി പൊലീസ് പിടിയിൽ. ഹരിയാനയിലെ പല്‍വാല്‍ നഗരത്തിലാണ് മനഃസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കും നാല് മണിക്കും ഇടയിലാണ് ആറ് പേരും കൊലചെയ്യപ്പെട്ടത്. മുന്‍ കരസേന ഉദ്യോഗസ്ഥനായ നരേഷ് ധൻകർ എന്നയാളാണ് കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. അറസ്റ്റ് ചെയ്ത നരേഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

പല്‍വാല്‍ നഗരത്തിന്റെ ഉള്‍ഭാഗത്താണ് ഈ കൊലാപതക പരമ്പര അരങ്ങേറിയത്. ആറുകൊലപാതകങ്ങളും ചെയ്തത് ഒരാള്‍ തന്നെയെന്നാണ് പൊലീസിന്റെ നിഗമനം. ആദര്‍ശ് നഗറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ പൊലീസിനെയും ആക്രമിക്കാന്‍ ശ്രമിച്ചു.

പുലര്‍ച്ചെ രണ്ടരയോടെ സ്ഥലത്തെ ഒരു ആശുപത്രിയില്‍ വച്ച് ഒരു സ്ത്രീയെ ആണ് ഇയാള്‍ ആദ്യം തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഒരാള്‍ കമ്പിവടിയുമായി നടന്നുപോകുന്നത് വ്യക്തമാണ്.

ആദ്യത്തെ കൊലയ്ക്ക് ശേഷം വഴിയിലേക്കിറങ്ങിയ നരേഷ് പല്‍വാലിലെ ആഗ്ര റോഡ് മുതല്‍ മിനാര്‍ ഗേറ്റ് വരെ വഴിയരികില്‍ കണ്ട നാല് പേരെയാണ് കമ്പി കൊണ്ട് അടിച്ചുകൊന്നത്. ഏറ്റവും ഒടുവില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി.

2003 ലാണ് നരേഷ് സൈന്യത്തിൽനിന്നും വിരമിച്ചത്. അതിനുശേഷം 2006 ൽ അഗ്രികൾച്ചറൽ ഡിപ്പാർട്മെന്രിൽ എഡിഒ ആയി ജോലി ചെയ്തു. നിലവിൽ എസ്ഡിഒ ആയി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ