ഫരീദ്‌കോട്ട്: പഞ്ചാബിലെ ഫരീദ്കോട്ടിൽ വ്യവസായിയെ അക്രമിസംഘം പട്ടാപ്പകല്‍ വെടിവച്ചുകൊന്നു. രവീന്ദ്ര പപ്പു കോച്ചാറെന്നയാളാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ കാറിനെ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വീഡിയോ പൊലീസ് പുറത്തു വിട്ടു.

കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നിന് വ്യവസായി സ്വന്തം മില്ലിന് സമീപം കാര്‍ നിര്‍ത്തിയതിന് തൊട്ടുപിന്നാലെ ആയിരുന്നു വെടിവെപ്പ്. തലയ്ക്കും കഴുത്തിനും വെടിയേറ്റ കോച്ചാര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ഫെബ്രുവരിയിലും കോച്ചാറിനുനേരെ ഗുണ്ടാസംഘം ആക്രമണം നടത്തിയിരുന്നു. വെടിവെപ്പ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിസംഘം അദ്ദേഹത്തിന്റെ കാറുമായി കടന്നു.വാഹനം വിട്ടുകിട്ടാന്‍ വന്‍തുക നല്‍കണമെന്ന് ഗുണ്ടാസംഘം ആവശ്യപ്പെട്ടുവെങ്കിലും വ്യവസായി ഭീഷണിക്ക് വഴങ്ങിയില്ല. അദ്ദേഹം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗുണ്ടാ സംഘത്തെ അറസ്റ്റ് ചെയ്യുകയും കാര്‍ വീണ്ടെടുക്കുകയും ചെയ്തിരുന്നു.

നേരത്തെ അക്രമം നടത്തിയ സംഘം തന്നെയാകാം കൊലപാതകത്തിന് പിന്നിലുമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍ പോലീസ് സംരക്ഷണം നല്‍കാതിരുന്നതുകൊണ്ടാണ് രവീന്ദ്ര കോച്ചാര്‍ കൊല്ലപ്പെട്ടതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ