തുംകൂർ: ദലിത് കുടുംബം തയാറാക്കിയ ഭക്ഷണം കഴിക്കാതെ ഹോട്ടൽ ഭക്ഷണം കഴിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ വിവാദത്തിൽ. തുംകൂർ ജില്ലയിൽ സന്ദർശനത്തിനെത്തിയതായിരുന്നു മുൻ മുഖ്യമന്ത്രി കൂടിയായ യെഡിയൂരപ്പയും പാർട്ടി അംഗങ്ങളും. ജില്ലയിലെ ഒരു ദലിത് കുടുംബം സന്ദശിച്ച സംഘം അവർ തയാറാക്കിയ ഭക്ഷണം കഴിച്ചില്ല. അടുത്ത ഹോട്ടലിൽനിന്നും ഇഡ്ഡലി വരുത്തിയാണ് കഴിച്ചത്. ഇതാണ് വിവാദമായത്.

യെഡിയൂരപ്പ തൊട്ടുകൂടായ്മ കാണിച്ചുവെന്നു കാട്ടി ദലിത് കുടുംബത്തിലെ യുവാവ് പൊലീസിൽ പരാതി നൽകി. അതേസമയം, ദലിത് കുടുംബത്തിന്റെ ആരോപണത്തെ ബിജെപി തളളി. ”ദലിത് ഉയർച്ചയ്ക്കുവേണ്ടി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ വിവാദം രാഷ്ട്രീയപ്രേരിതമാണെന്ന്” ബിജെപി നേതാവ് പ്രകാശ് പറഞ്ഞു. അതേസമയം, ഭക്ഷണം ഹോട്ടലിൽനിന്നും വരുത്തിച്ചതാണെന്ന് ബിജെപിയുടെ മീഡിയ ചുമതലയുളള ദാഗെ ശിവപ്രകാശ് സമ്മതിച്ചു. ”യെഡിയൂരപ്പയ്ക്ക് ഇഡ്ഡലിയും വടയും ഇഷ്ടമാണ്. അതാണ് ഹോട്ടലിൽനിന്നും വരുത്തിച്ചത്. അദ്ദേഹം ദലിത് കുടുംബം തയാറാക്കിയ പുലാവ് കഴിച്ചതിനുശേഷമാണ് ഹോട്ടൽ ഭക്ഷണം കഴിച്ചതെന്നും” അദ്ദേഹം പറഞ്ഞു.

അതേസമയം, ബിജപിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ഇത്തരം തട്ടിപ്പ് കാണിക്കാനായി ഒരു രാഷ്ട്രീയക്കാരനും ദലിത് കുടുംബത്തിലേക്ക് പോകരുത്. ദലിത് സമൂഹത്തിന്റെ ഉയർച്ചയെക്കുറിച്ച് ചിന്തിക്കുന്നവർ അതിനുവേണ്ട പദ്ധതികൾ നടപ്പിലാക്കുകയാണ് വേണ്ടതെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക് ഗാർഖേ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ