ഒഡീഷ: കൊടുങ്കാറ്റിൽ ബോട്ട് തകർന്ന് കടലിൽ അകപ്പെട്ട നാൽപ്പത്തിയൊൻപതുകാരൻ 28 ദിവസം ജീവൻ നിലനിർത്തിയത് കടൽവെള്ളം കുടിച്ച്. ആൻഡമാൻ നിക്കോബാറിലെ ഷാഹിദ് ദ്വീപ് സ്വദേശിയായ അമൃത് കുജൂർ ആണ് അദ്ഭുതകരമായി രക്ഷപ്പെട്ട് ഒഡീഷയിലെ പൂരി ജില്ലയിലെ തീരപ്രദേശത്ത് എത്തിയത്.

കപ്പലുകൾക്ക് ദൈംദിന ആവശ്യത്തിനുളള പലചരക്ക് സാധനങ്ങൾ, കുടിവെള്ളം എന്നിവ എത്തിച്ചുകൊടുത്താണ് കുജൂർ ഉപജീവനം നടത്തിയിരുന്നത്. സെപ്റ്റംബർ 28 ന് കുജൂറും സുഹൃത്തായ ദിവ്യരഞ്ജനും ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പലുകളുമായി വ്യാപാരം നടത്താൻ ആൻഡമാൻ നിക്കോബറിൽനിന്നു പുറപ്പെട്ടു. യാത്രയ്ക്കിടയിൽ കൊടുങ്കാറ്റിൽപ്പെട്ട് ബോട്ട് സഞ്ചാരപാഥയിൽനിന്നു ഗതിമാറിപ്പോയി. ബോട്ടിന്റെ ഭാരം കുറയ്ക്കാൻ എല്ലാ ചരക്കുകളും വലിച്ചെറിയേണ്ടിവന്നുവെന്നു കുജൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബോട്ടിന് സാരമായ കേടുപാടുകൾ പറ്റിയതായും അദ്ദേഹം പറഞ്ഞു.

ചില വലിയ കപ്പലുകൾക്ക് അപകട സൂചന നൽകിയെങ്കിലും ആർക്കും തങ്ങളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ ബർമീസ് നാവിക സേനാ കപ്പലിന്റെ രൂപത്തിൽ സഹായം എത്തി. ആൻഡമാനിലേക്ക് മടങ്ങാൻ 260 ലിറ്റർ ഇന്ധവും വടക്കുനോക്കി യന്ത്രവും അവർ നൽകി. പക്ഷേ അതിനുശേഷം വീണ്ടുമൊരു കൊടുങ്കാറ്റ് വീശുകയും വീണ്ടും ഗതി നഷ്ടപ്പെടുകയും ചെയ്തു.

ഇന്ധനം തീർന്നതോടെ വീണ്ടും ഇരുവരും ഒറ്റപ്പെട്ടു. ”എനിക്ക് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു. കടൽവെളളം കുടിച്ചാണ് ജീവൻ നിലനിർത്തിയത്. തൂവാലയിൽ വെളളം അരിച്ചെടുത്തതാണ് കുടിച്ചിരുന്നത്” കുജൂർ പറഞ്ഞു.

അമൃത് പറഞ്ഞതിനെക്കുറിച്ച് അന്വേഷിച്ചതായി കൃഷ്ണപ്രസാദ് സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ അഭിമന്യു നായക് ദി ഇന്ത്യൻ എക്സ്‌പ്രസിനോടു പറഞ്ഞു. ”അംറിത് കുജൂറെന്നും ദിവരഞ്ജനെന്നും പേരുളള രണ്ടുപേർ കഴിഞ്ഞ മാസം മുതൽ കടലിൽ കാണാതായതായെന്നു മാത്രമാണ് ഇപ്പോൾ ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞത്. ദ്വീപിൽ അവർക്ക് കുടുംബാംഗങ്ങളുണ്ട്,” അദ്ദേഹം പറഞ്ഞു.

കുജൂറിന്റെ സുഹൃത്ത് ദിവ്യരഞ്ജൻ കടലിൽ മരിച്ചിരുന്നു. വിശപ്പു മൂലം ദിവസവും കടൽ വെളളം കുടിച്ചതിനാലാണ് ദിവ്യരഞ്ജൻ മരിച്ചതെന്നാണ് കുജൂർ പറയുന്നത്. “മരിക്കുന്നതുവരെ ഓരോ ദിവസം കഴിയുന്തോറും അവൻ ക്ഷീണിതനായി. മരണശേഷം അവന്റെ ശരീരം ബോട്ടിൽനിന്ന് സമുദ്രത്തിൽ ഉപേക്ഷിക്കേണ്ടി വന്നു” കുജൂർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook