ചണ്ഡീഗഡ്: മാനഭംഗക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹിം സിങ്ങിന്റെ ബാഗ് ചുമന്നതിന് ഹരിയാനയിലെ ഡപ്യൂട്ടി അഡ്വക്കേറ്റ് ജനറൽ ഗുർദാസ്​ സിങ് സാൽവാരയ്ക്ക് സ്ഥാനം നഷ്ടമായി. ഹരിയാന എജി ബാൽദേവ് രാജ് മഹാജന്റെ നിർദേശപ്രകാരമാണ് നടപടിയെടുത്തത്. ഇന്നലെയാണ് ഗുർദാസ് ബാഗ് ചുമക്കുന്നതായി കണ്ടെത്തിയതെന്നും ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഒരിക്കലും ഇത് ചെയ്യാൻ പാടില്ലാത്തതാണെന്നും ബാൽദേവ് രാജ് വ്യക്തമാക്കി.

വിവാദ ആള്‍ദൈവം ഗുര്‍മീത്​ റാം റഹിമി​​നെ മാനഭംഗക്കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ വെളളിയാഴ്ച ഗുർമീതിനെ ജയിലിലേക്ക് കൊണ്ടുപോയി. ഗുര്‍മീതി​നൊപ്പം ജയിലിലേക്ക്​ പോയ സംഘത്തില്‍ ഹരിയാന ഡപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ഗുർദാസ്​ സിങ് സാൽവാരയും ഉണ്ടായിരുന്നു. ഈ സമയത്താണ് ഗുർദാസ്​ വിവാദ ആൾദൈവത്തിന്റെ ബാഗ് ചുമന്നത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യൂണിഫോമിലായിരിക്കു​മ്പോഴാണ് ഡപ്യൂട്ടി എജി ബാഗുകൾ ചുമന്നത്.​

ആശ്രമത്തിലെ അന്തേവാസിയായ യുവതിയെ പീഡിപ്പിച്ച കേസിൽ വിവാദ ആൾദൈവം ഗുർമീത് റാം റഹിം സിങ് കുറ്റക്കാരനാണെന്ന് പഞ്ച്കുളയിലെ സിബിഐ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. കോടതി വിധിക്കുപിന്നാല പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ 36 ഓളം പേരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് ഗുർമീതിനുളള ശിക്ഷ കോടതി വിധിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ