പട്‌ന: കാമുകിയെ കാണാൻ രാത്രി വീട്ടിലെത്തിയ യുവാവ് മടങ്ങിയത് വിവാഹിതനായി. 25 കാരനായ വിശാൽ സിങ്ങാണ് അർധരാത്രി കാമുകിയെ കാണാനായി വീട്ടിലെത്തിയത്. കളളനാണെന്നു കരുതി പിടികൂടിയ വീട്ടുകാർ പെൺകുട്ടിയുമായുളള വിവാഹം നടത്തിക്കൊടുത്താണ് യുവാവിനെ പറഞ്ഞയച്ചതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് സംഭവം.

അഞ്ചു വർഷങ്ങൾക്കു മുൻപ് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് വിശാലും ലക്ഷ്മിന കുമാരിയും പരിചയപ്പെടുന്നത്. പിന്നീട് പരിചയം പ്രണയമായി മാറി. വിശാൽ സിങ് ആർമിയിൽ ക്ലർക്കാണ്. അടുത്തിടെയാണ് അവധിക്ക് വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം ലക്ഷ്മിന മുറിയിൽ തനിച്ചാണെന്ന് അറിഞ്ഞ വിശാൽ അവളെ കാണാനായി വീട്ടിലെത്തി. എന്നാൽ വീട്ടിലെ ഒരംഗം വിശാലിനെ കളളനാണെന്ന് കരുതി ഒച്ചവച്ചു. ഉറങ്ങിക്കിടന്നവരെല്ലാം ഓടിയെത്തി വിശാലിനെ പിടികൂടി.

നാട്ടുകാർ തല്ലാൻ തുടങ്ങിയതോടെ വിശാലും ലക്ഷ്മിനയും പ്രണയത്തിലാണെന്ന് സമ്മതിച്ചു. വിശാലിനെ മുറിയിൽ അടച്ചിട്ട ശേഷം വീട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. വീട്ടുകാരെത്തി ലക്ഷ്മിനയുടെ വീട്ടുകാരുമായി സംസാരിച്ച് വിവാഹം ഉറപ്പിച്ചു. പിറ്റേന്ന് രാവിലെ വിവാഹവും നടത്തി. നൂറുകണക്കിന് പേർ വിവാഹത്തിൽ പങ്കെടുത്തു.

ഇരുവരും പ്രായപൂർത്തിയായവരാണ്. വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതിച്ചതോടു കൂടി നവദമ്പതികളെ ആശംസിക്കുകയല്ലാതെ ഒന്നും ചെയ്യാനില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ