/indian-express-malayalam/media/media_files/uploads/2020/04/cat.jpg)
പുതിയ കൊറോണ വൈറസ് പൂച്ചകൾക്ക് ബാധിക്കാമെങ്കിലും നായ്ക്കൾക്ക് അപകടസാധ്യതയില്ലെന്ന് പഠനം. സയൻസ് ജേർണലിന്റെ വെബ്സൈറ്റിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പഠനത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരിൽനിന്നും വളർത്തുമൃഗങ്ങളിലേക്കും തിരിച്ചും വൈറസ് പകരുന്നതിനെക്കുറിച്ച് സൂക്ഷ്മമായി പരിശോധിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
കീരികളിലും പുതിയ കൊറോണ വൈറസായ സാർസ്-കോവ്-2 (ശാസ്ത്രീയ നാമം) ബാധിച്ചേക്കാമെന്ന് പഠനം പറയുന്നു. നായ്ക്കൾ, കോഴികൾ, പന്നികൾ, താറാവുകൾ എന്നിവയെ വൈറസ് ബാധിക്കില്ലെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി.
Read Also: Explained: എങ്ങനെ കൊറോണ വൈറസ് ശ്വാസകോശത്തിൽ പ്രവേശിക്കുകയും ശ്വസനത്തെ ബാധിക്കുകയും ചെയ്യുന്നു
ഏത് മൃഗങ്ങളിലാണ് വൈറസ് ബാധിക്കുന്നതെന്ന് തിരിച്ചറിയുന്നതിനാണ് പഠനം നടത്തിയത്, അങ്ങനെയെങ്കിൽ അവയിൽ കോവിഡ്-19 നെതിരായ പരീക്ഷണാത്മക വാക്സിനുകൾ പരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. വവ്വാലുകളിൽ നിന്നാണ് സാർസ്-കോവ്-2 മനുഷ്യരിലേക്ക് വ്യാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. അതേസമയം, വളർത്തുമൃഗങ്ങളിൽനിന്നും വൈറസ് മനുഷ്യരിലേക്ക് പകരുന്നുവെന്നതിന് ശക്തമായ തെളിവുകളൊന്നുമില്ല.
ന്യൂയോർക്ക് നഗരത്തിലെ ബ്രോങ്ക്സ് മൃഗശാലയിലെ ഒരു കടുവയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. രോഗബാധിതനായ മൃഗശാല ജീവനക്കാരനിൽനിന്നാണ് കടുവയ്ക്ക് വൈറസ് പകർന്നതെന്നാണ് കരുതുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ചൈനയിൽ നടത്തിയ പഠനത്തിൽ പൂച്ചകളെയും കീരികളെയുമാണ് വൈറസ് കൂടുതൽ ബാധിക്കാൻ സാധ്യതയെന്ന് കണ്ടെത്തി.
ശ്വസന തുളളികൾ വഴി പൂച്ചകൾക്ക് പരസ്പരം ബാധിക്കാമെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി. രോഗം ബാധിച്ച പൂച്ചകളുടെ വായ, മൂക്ക്, ചെറുകുടൽ എന്നിവയിൽ വൈറസ് ഉണ്ടായിരുന്നു. വൈറസ് ബാധിച്ച പൂച്ചകൾക്ക് ശ്വാസകോശം, മൂക്ക്, തൊണ്ട എന്നിവിടങ്ങളിൽ വലിയ പരുക്കുകളും ഉണ്ടായിരുന്നു.
കീരികളിൽ ശ്വാസകോശത്തിൽ വൈറസ് കണ്ടെത്തിയെങ്കിലും കഠിനമായ രോഗത്തിന് കാരണമായില്ല. നായ്ക്കളിൽ വളരെ അപൂർവമായേ വൈറസ് ബാധിക്കാറുളളൂവെന്ന് ആന്രിബോഡി ടെസ്റ്റിൽ വ്യക്തമായി. അതേസമയം കുത്തിവയ്പ് നടത്തിയ പന്നികൾ, കോഴികൾ, താറാവുകൾ എന്നിവയ്ക്ക് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയില്ല.
വളർത്തു മൃഗങ്ങൾ രോഗം പകർത്തുന്നതിൽ പങ്കുവഹിക്കുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല, പക്ഷേ രോഗബാധിതനായ ഒരാളിൽ നിന്ന് അവയ്ക്ക് രോഗം ബാധിച്ചേക്കാമെന്ന് ഞങ്ങൾ കരുതുന്നതായി പഠനത്തെ ആസ്പദമാക്കി ലോകാരോഗ്യ സംഘടന എപ്പിഡമിയോളജിസ്റ്റ് മരിയ വാൻ കെർകോവ് പറഞ്ഞു. അതിനിടെ മൃഗങ്ങളോട് ആരും ക്രൂരത കാട്ടരുതെന്ന് ലോകാരോഗ്യ സംഘടനയുടെ മുൻനിര അത്യാഹിത വിദഗ്ധൻ മൈക്ക് റയാൻ ആവശ്യപ്പെട്ടു. അവയോട് ദയ കാട്ടണം. അവയ്ക്കും ചികിത്സ നൽകണം. നമ്മളെപ്പോലെ അവയും ഇരകളാണെന്നും അദ്ദേഹം പറഞ്ഞു.
Read in English: Cats can catch coronavirus, study finds, prompting WHO investigation
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.