Latest News

ആർഭാടമൊഴിവാക്കൂ, വായ്‌പ തിരിച്ചടക്കൂ; കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാരുടെ സമരം

50 ലക്ഷത്തിന് മുകളിൽ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കുടിശിക വരുത്തുന്നവരാണ് ബാങ്ക് ജീവനക്കാരുടെ പ്രതിഷേധത്തിന് പാത്രമായത്.

കൊച്ചി: വായ കറുത്ത തുണി കൊണ്ട് മൂടിക്കെട്ടി കയ്യിൽ പ്ലക്കാർഡുകളുമായി അവരെ കണ്ടപ്പോൾ ഓരോരുത്തർക്കും അദ്ഭുതമായി. “ആർഭാടവും പ്രൗഢിയും ഒഴിവാക്കി കുടിശിക തിരിച്ചടച്ച് അന്തസ്സ് കാണിക്കുക”, എന്ന പ്ലക്കാർഡിൽ നിന്ന് ഏതാണ്ട് എല്ലാവർക്കും കാര്യവും പിടികിട്ടി. കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാർ വൻതുകകൾ വായ്പയെടുത്ത് തിരിച്ചടക്കാത്ത, അതേസമയം ആഡംബര ജീവിതം നയിക്കുന്നവരുടെ വീട്ടുപടിക്കൽ ധർണ്ണ നടത്തി.

കാത്തലിക് സിറിയൻ ബാങ്കിലെ ജീവനക്കാർ കൈയ്യിലേന്തിയ പ്ലക്കാർഡുകളിലൊന്നിലെ വാചകമായിരുന്നു ഇത്. വായ്പ തിരിച്ചടക്കാത്ത വൻകിട ബിസിനസുകാരോട്, കുടിശിക തീർക്കാൻ അഭ്യർത്ഥിച്ചുള്ള സമരം ആദ്യഘട്ടം പൂർത്തിയായി. രാവിലെ 9.30 ഓടെ 20 ലധികം ജീവനക്കാരാണ് കേരളത്തിലെ മുപ്പത് വൻകിട ബിസിനസുകാരുടെ വീട്ടുപടിക്കൽ ധർണ്ണ നടത്തിയത്.

CSB staff protest

ആഡംബര ജീവിതം നയിക്കുകയും അതേ സമയം വായ്പ തിരിച്ചടക്കാതെ ഇരിക്കുന്നവരെയും തിരിച്ചറിഞ്ഞതോടെയാണ് ബാങ്കിലെ ജീവനക്കാർ ഒന്നടങ്കം സമര രംഗത്തിറങ്ങിയത്. വ്യാഴാഴ്ച ഈ ആവശ്യമുന്നയിച്ച് നടന്ന ആദ്യ സമരം വൻവിജയമാണെന്നാണ് ബാങ്ക് അധികൃതരുടെ വിലയിരുത്തൽ. 50 ലക്ഷത്തിന് മുകളിൽ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കുടിശിക വരുത്തുന്നവരാണ് ബാങ്ക് ജീവനക്കാരുടെ പ്രതിഷേധത്തിന് പാത്രമായത്. ഇങ്ങനെ വായ്പാകുടിശിക വരുത്തിയ മുപ്പത് പേരുണ്ടെന്ന് ബാങ്ക് ജീവനക്കാർ പറയുന്നു.

“വായ്പ വാങ്ങി വളർന്നവരേ, ഞങ്ങളെ നിങ്ങൾ തളർത്തരുതേ”, “ബിസിനസ് നിലനിൽക്കുന്നത് വിശ്വാസത്തിന് പുറത്താണ്, ഓർക്കുക നിങ്ങളുടെ ഉപഭോക്താവ് ഇത് കാണുന്നുണ്ട്” തുടങ്ങി നിരവധി പ്ലക്കാർഡുകളാണ് ജീവനക്കാരും റിട്ടയർ ചെയ്തവരും ഉയർത്തിയത്. കേരളത്തിൽ 22 ഇടത്താണ് ധർണ്ണ നടന്നത്.

“അങ്കമാലിയിൽ നടന്ന പ്രതിഷേധത്തിന് ശേഷം വായ്പയെടുത്തയാൾ ഞങ്ങളുമായി ബന്ധപ്പെട്ടു. തിങ്കളാഴ്ച ബാങ്കിൽ വരാമെന്നും വേണ്ടത് ചെയ്യാമെന്നും ഉറപ്പു പറഞ്ഞിട്ടുണ്ട്.ഉറപ്പു ലഭിച്ച സാഹചര്യത്തിൽ ഞങ്ങൾ ഇവിടെ നിന്ന് പിന്മാറി.” അങ്കമാലിയിൽ ധർണ്ണയ്‌ക്ക് നേതൃത്വം നൽകിയ അസിസ്റ്റന്റ് ജനറൽ മാനേജർ അനിത പി.ഇമ്മാനുവേൽ പറഞ്ഞു.

പെരുന്പാവൂരിൽ ധർണ്ണ കഴിഞ്ഞ് മടങ്ങിയ ബാങ്ക് ജീവനക്കാരെ നാട്ടുകാർ തടഞ്ഞുനിർത്തി. ഈടായി നൽകിയ വസ്തു ജപ്തി ചെയ്യാതെ ധർണ്ണ നടത്തുന്നത് എന്തിനെന്ന് ഇവർ ചോദിച്ചു. “ജപ്തിയ്ക്കെതിരെ കോടതിയിൽ നിന്നും സ്റ്റേ വാങ്ങി ബാങ്കിനെ കൂടുതൽ ബുദ്ധിമുട്ടിലാക്കിയതിനാലാണ് ഈ രീതിയിൽ സമരം ചെയ്‌തതെന്ന് ഞങ്ങൾ പറഞ്ഞു. പക്ഷെ നാട്ടുകാർ വാഹനത്തിൽ കയറുന്നത് തടഞ്ഞപ്പോൾ ഞങ്ങൾ പോലീസിനെ വിളിച്ചു. കടം വാങ്ങിയ ആൾ സ്ഥലത്തുണ്ടായിരുന്നില്ല”-സൗത്ത് വാഴക്കുളം ബ്രാഞ്ച് മാനേജർ ഹെൻസൺ ഐസക് പറഞ്ഞു.

CSB Staff

സംസ്ഥാനത്ത് 22 പേരുടെ വീടുകൾക്ക് മുന്നിലാണ് ബാങ്ക് ജീവനക്കാരുടെ സമരം സംഘടിപ്പിച്ചത്. വൻതുകകൾ വായ്പയെടുത്ത് തിരിച്ചടക്കാത്തവർക്കെതിരെ ആദ്യമായാണ് ബാങ്കുകൾ പ്രത്യക്ഷ പ്രതിഷേധത്തിനിറങ്ങിയത്. ഇനിയും വായ്പ തിരിച്ചടക്കാൻ മടികാണിക്കുന്നവർക്കെതിരേ കൂടുതൽ ശക്തമായി പ്രതിഷേധിക്കാനാണ് കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാരുടെയും റിട്ടയർ ചെയ്തവരുടെയും തീരുമാനം. 470  കോടി രൂപയുടെ വായ്പ കുടിശികയാണ് കാത്തലിക് സിറിയൻ ബാങ്കിനുള്ളത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Catholic syrian bank asks debtors to repay loan and protect dognity and honour

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express