ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കാന്‍ ഇന്ത്യയിലെ കത്തോലിക്കാ സഭ. ഞായറാഴ്ചയിലെ വിശുദ്ധ കുര്‍ബാനയില്‍ ഭരണഘടനയുടെ ആമുഖം വായിക്കുമെന്ന് കാത്തലിക് ചര്‍ച്ച് ഓഫ് ഇന്ത്യ അറിയിച്ചു. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ രാജ്യമെമ്പാടുമുള്ള ബിഷപ്പുമാര്‍ അണിചേരുമെന്ന് കാത്തലിക് ചര്‍ച്ച് ഓഫ് ഇന്ത്യ അറിയിച്ചു. ജനുവരി 26 ഭരണഘടനാ സംരക്ഷണ ദിനമായി നാളെ പള്ളികളില്‍ പ്രഖ്യാപിക്കും.
Read Also: രജിത്തിനെ കുറിച്ച് മുൻ ബിഗ് ബോസ് മത്സരാർത്ഥികൾ
ഞായറാഴ്ച കുര്‍ബാനയില്‍ ഭരണഘടനയുടെ ആമുഖം വായിക്കാനും ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കാനും കാത്തലിക് ചര്‍ച്ച് ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭരണഘടനയെ ചുംബിച്ചുകൊണ്ട് അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനാ മൂല്യങ്ങളെ നശിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന് കത്തോലിക്കാ സഭ ആരോപിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ വിമർശനം ഉന്നയിക്കുന്ന ഇടയലേഖനം നാളെ പള്ളികളിൽ വായിക്കണമെന്ന് ലത്തീൻ സഭ ആഹ്വാനം ചെയ്തു. ഇടയലേഖനത്തിനൊപ്പം ഭരണഘടനയുടെ ആമുഖവും വായിക്കാനും ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി ആഹ്വാനം ചെയ്തു. പൗരത്വ നിയമഭേദഗതി ജനാധിപത്യ വിരുദ്ധമാണെന്നും മത രാഷ്ട്രത്തിനുള്ള നീക്കമാണെന്നും ഇടയലേഖനത്തിൽ വിമർശിക്കുന്നു.